പാരീസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും സമൂഹത്തെയും പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണെന്ന് പാരീസിലെ എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ പൊതുനന്മയെ മുൻനിർത്തിയാവണം എഐ മേഖലയിൽ നടക്കുന്ന പുതിയ മാറ്റങ്ങൾ എന്നത് ഉറപ്പുവരുത്തണം. എഐ വഴി ലഭ്യമാകുന്ന വിവരങ്ങൾ പക്ഷപാതമില്ലാത്തവയാണോ എന്നതിൽ കൃത്യമായ ശ്രദ്ധയും മേൽനോട്ടവും ഉണ്ടാവണം. യന്ത്രങ്ങൾ മനുഷ്യരെ മറികടക്കുമോ എന്ന പേടി പലർക്കുമുണ്ട്. പക്ഷേ, ഈ ഭയം അടിസ്ഥാനമില്ലാത്തതാണ്. നമ്മുടെ ഭാവിയുടെ താക്കോൽ നമ്മൾ മനുഷ്യരുടെ കൈവശമാണുള്ളത്. ആ ഉത്തരവാദിത്തബോധമാകണം നമ്മെ നയിക്കേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
എ ഐ യെക്കുറിച്ച് ഏറ്റവും ഭയക്കുന്ന കാര്യം അത് ജോലികൾ ഇല്ലാതാക്കുമെന്നാണ്. എന്നാൽ ചരിത്രം ഒരുകാര്യം തെളിയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ കാരണം ജോലികൾ ഇല്ലാതാകുകയില്ല. ജോലികളുടെ സ്വഭാവം മാറുകയാണ് ചെയ്യുക. പുതിയതരം ജോലികൾ സൃഷ്ടിക്കപ്പെടും. അതിനാൽ എ ഐ നയിക്കുന്ന ഭാവികാലത്തെ അഭിമുഖീകരിക്കാൻ നമ്മുടെ തൊഴിൽശക്തിയെ പരുവപ്പെടുത്തുകയാണ് വേണ്ടത്. 21-ാം നൂറ്റാണ്ടില്‍ മനുഷ്യവംശത്തിന്റെ കോഡ് എഴുതികൊണ്ടിരിക്കുകയാണ് എ.ഐ. ആരോഗ്യവും വിദ്യാഭ്യാസവും കൃഷിയുമടക്കം മെച്ചപ്പെടുത്തിക്കൊണ്ട് ദശലക്ഷക്കണക്കിന് പേരുടെ ജീവിതം പരിവര്‍ത്തനം ചെയ്യാന്‍ എ.ഐ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഗോള എ ഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അഭിപ്രായപ്രകടനങ്ങളെ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പിന്തുണച്ചു. മനുഷ്യർക്ക് പകരമാവാൻ നിർമിത ബുദ്ധിക്ക് സാധിക്കില്ലെന്ന നരേന്ദ്രമോദിയുടെ വാക്കുകൾ ജെഡി വാൻസ് കടമെടുത്തു. മോദിയുടെ പ്രസ്താവനയെ പ്രശംസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എ ഐ ഉത്പാദനക്ഷമ വർദ്ധിപ്പിക്കുകയും ജോലികൾ സുഗമമാക്കുകയും ചെയ്യും. അല്ലാതെ എ ഐ ഒരിക്കലും മനുഷ്യർക്ക് പകരമാവില്ല. നിർമിത ബുദ്ധിയെക്കുറിച്ച് സംസാരിക്കുമ്പോൾ എപ്പോഴും ആശങ്കയോടെയാണ് പല നേതാക്കളും അഭിപ്രായപ്രകടനങ്ങൾ നടത്താറുള്ളത്. തൊഴിലാളികൾക്ക് ബദലായി എ ഐ വരുമെന്നതാണ് പലരുടെയും ആശങ്ക. എന്നാൽ ഒരു കാര്യം പറയാൻ എല്ലാവരും വിട്ടുപോകുന്നു. നമ്മെ കൂടുതൽ ഉത്പാദനക്ഷമതയുള്ളവരാക്കി എ ഐ മാറ്റും. കൂടുതൽ പുരോഗതിയും കൂടുതൽ സ്വാതന്ത്ര്യവും എ ഐ നൽകും. – ജെഡി വാൻസ് പറഞ്ഞു.
ദ്വിദിന സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിലെത്തിയത്. പാരിസ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഫ്രാൻസ് സായുധസേന മന്ത്രി സെബാസ്റ്റ്യൻ ലെകോർണു സ്വീകരിച്ചു. സുഹൃത്തിനെ ആലിംഗനം ചെയ്താണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്വീകരിച്ചത്. ചർച്ചകൾക്കും ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കും മുന്നോടിയായി എലിസി കൊട്ടാരത്തിൽ ഒരുക്കിയ വിരുന്നുസൽക്കാരത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു.
എഐ ഉച്ചകോടിയിൽ സഹാധ്യക്ഷനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് അടക്കം 100 രാജ്യങ്ങളുടെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. എഐ ഉച്ചകോടിക്കു പുറമേ ഫ്രാൻസുമായി ഉഭയകക്ഷി ചർച്ചകളും ഇന്ത്യ നടത്തുന്നുണ്ട്. ഫ്രാൻസിലെ ബിസിനസ് നേതാക്കളുമായും കൂടികാഴ്ചയുണ്ട്. ഇന്ന് മാർസെയിലിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ച ശേഷമായിരിക്കും മോദി മടങ്ങുക.