മുംബൈ: എമ്പുരാൻ സിനിമയെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. എമ്പുരാൻ സിനിമയ്ക്ക് ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജൻഡയുണ്ടെന്നും അതു ചരിത്ര വസ്തുതകളെ ബോധപൂർവം വളച്ചൊടിക്കുകയാണെന്നുമുള്ള വിമർശനമാണ് ആർഎസ്എസ് മുഖപത്രം ഓർഗനൈസർ നടത്തിയത്. സാമൂഹിക ഐക്യത്തിനു ഭീഷണി ഉയർത്തുന്ന രീതിയിൽ തികഞ്ഞ പക്ഷപാതത്തോടെയാണ് സിനിമയിലെ ഉള്ളടക്കം കൈകാര്യം ചെയ്തിരിക്കുന്നതെന്ന് ഓർഗനൈസറിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം ആരോപിക്കുന്നു. ഹിന്ദുക്കളെ അധിക്ഷേപിക്കുക മാത്രമല്ല, ഹിന്ദു അനുകൂല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ എതിർക്കുന്നതുമാണ് ചിത്രത്തിന്റെ ആഖ്യാന രീതി. ബിജെപി അനുയായിയെന്നു തോന്നിക്കുന്ന ഒരു കഥാപാത്രത്തെ, കേരളത്തിന്റെ സംസ്കാരത്തെ തകർക്കാൻ ദൃഢനിശ്ചയം ചെയ്ത ക്രൂരനായ വ്യക്തിയായിട്ടാണ് ചിത്രീകരിക്കുന്നത്.
2002ലെ ഗുജറാത്ത് കലാപത്തിൽ ഹിന്ദുക്കളാണ് കുറ്റക്കാരെന്നു വരുത്താനും രണ്ടു സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനും ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കാനും സിനിമയിൽ ശ്രമമുണ്ടെന്നും ലേഖനം പറയുന്നു. ഇത്തരം സിനിമയിൽ അഭിനയിക്കാനുള്ള മോഹൻലാലിന്റെ തീരുമാനം അദ്ദേഹത്തിന്റെ ആരാധകരോടുള്ള വഞ്ചനയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.