ഇൻവെസ്റ്റ് കേരള ദ്വിദിന ആഗോള നിക്ഷേപക ഉച്ചകോടിക്ക് (ഐ.കെ.ജി.എസ്) കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. കേരളത്തിലെത്തുന്ന നിക്ഷേപകർ ചുവപ്പുനാട കുരുക്കിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടെന്നും ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഒന്നാമതാണു കേരളമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വ്യവസായ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി, വ്യവസായ പുരോഗതിയുടെ ഫെസിലിറ്റേറ്ററായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അറിയിച്ചു. പവർകട്ട് ഇല്ലാത്ത സംസ്ഥാനമാണ് കേരളം. ഭൂമി കിട്ടാത്തതിന്റെ പേരിൽ ഒരു നിക്ഷേപകനും കേരളത്തിൽ നിന്ന് മടങ്ങേണ്ടി വരില്ല. 100 ൽ 87 കേരളീയർക്കും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇത് ദേശീയ ശരാശരിക്കും മുകളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് ഓൺലൈൻ വഴി ചടങ്ങിൽ പങ്കെടുത്തു. റോഡ് വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി മൂന്ന് ലക്ഷം കോടിയുടെ പദ്ധതി കേരളത്തിൽ നടപ്പാക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. 896 കിലോമീറ്റർ ദൈർഘ്യത്തിലുള്ള 31 പുതിയ പദ്ധതികളാണുള്ളത്. പാലക്കാട്-മലപ്പുറം പാത 10000 കോടിയും അങ്കമാലി ബൈപാസിന് 6000 കോടിയും അനുവദിച്ചു. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് 5000 കോടി അനുവദിക്കും. ദേശീയപാത 544ലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള എറണാകുളം ബൈപ്പാസ് ആറ് വരിയാക്കും. റബർ അധിഷ്ഠിതമായ റോഡ് നിർമ്മാണം കേരളത്തിലെ റബർ മേഖലയ്ക്കും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസമാണ് കേരളത്തിന്റെ ഹൃദയം. ടൂറിസം വികസനത്തിന് റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം കേരളത്തിലൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയലും കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ജയന്ത് ചൗധരി തുടങ്ങിയവര്‍ ചടങ്ങിൽ സംസാരിച്ചു. കേരളത്തിന്റെ വ്യവസായ വികസനത്തിന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ കേന്ദ്രത്തിന്റെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യ പുരോഗമിക്കുമ്പോള്‍ കേരളത്തിന് എങ്ങനെ പിന്തിരിഞ്ഞ് നില്‍ക്കാനാകുമെന്ന് ചോദിച്ച കേന്ദ്രമന്ത്രി, സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയെ അനുകൂലിച്ചും മന്ത്രി സംസാരിച്ചു. കൊച്ചി ജലമെട്രോയെ പ്രശംസിച്ച കേന്ദ്രമന്ത്രി ജയന്ത് ചൗധരി, വാട്ടർ മെട്രോയെ പറ്റി കേരളത്തിൽ നിന്ന് പഠിക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിക്കുമെന്നും അറിയിച്ചു.
യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി, ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ അദേൽ ഫഖ്‌റോ തുടങ്ങിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ് അലി, സി.ഐ.ഐ പ്രസിഡന്റായ ഐടിസി ലിമിറ്റഡ് ചെയർമാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് പുരി, അദാനി പോർട്ട്സ് ആന്‍ഡ് സെസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി എന്നിവര്‍ ചടങ്ങില്‍ പ്രത്യേക പ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സന്നിഹിതനായിരുന്നു.
മൂവായിരത്തിലധികം പ്രതിനിധികളാണ് നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നത്. സ്ഥാനത്തിന്റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന സമ്മേളനമാകും ഇൻവെസ്റ്റ് കേരള എന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ.