Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഇസ്രയേലിലെ പ്രധാന ആശുപത്രിക്കു നേരെ ഇറാന്റെ ആക്രമണം; മുപ്പതോളം പേര്‍ക്ക് പരുക്ക്.
ഇസ്രയേലിലെ പ്രധാന ആശുപത്രിക്കു നേരെ ഇറാന്റെ ആക്രമണം; മുപ്പതോളം പേര്‍ക്ക് പരുക്ക്.

ഇസ്രയേലിലെ പ്രധാന ആശുപത്രിക്കു നേരെ ഇറാന്റെ ആക്രമണം; മുപ്പതോളം പേര്‍ക്ക് പരുക്ക്.

തെക്കുപടിഞ്ഞാറന്‍ ടെഹ്‌റാനിലെ അരാക് ആണവകേന്ദ്രം ഇസ്രയേൽ ആക്രമിച്ചു

by Editor

ടെൽ അവീവ്: ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്രയേലിലെ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വ്യക്തമാക്കി. സംഭവത്തിൽ 81 പേര്‍ക്ക് പരുക്കുണ്ട്. നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേൽ-ഇറാൻ സംഘർഷം തുടങ്ങിയതിന് ശേഷം ടെൽ അവീവിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. പല മിസൈലുകളെയും അയൺഡോം പ്രതിരോധിച്ചെങ്കിലും ചില മിസൈലുകൾ ആശുപത്രി പരിസരത്തു പതിക്കുകയായിരുന്നു.

ടെൽ അവീവിലെ സോറോക്ക മെഡിക്കൽ സെന്റർ ആക്രമിച്ച ഇറാൻ നടപടി യുദ്ധക്കുറ്റമാണെന്ന് ഇസ്രയേൽ. ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ആക്രമണത്തിന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി മറുപടി പറയേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകി. ബങ്കറിൽ ഇരുന്ന് ഖമനയി ഭീരുക്കളെ പോലെ ആക്രമണം നടത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആസൂത്രിതവും കുറ്റകരവുമായ പ്രവൃത്തിയാണിതെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഇതിനെതിരേ ലോകം ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഈ അതിക്രമത്തിന് മറുപടിയായി ഇറാനിലെ തന്ത്രപ്രധാനകേന്ദ്രങ്ങള്‍ക്ക് നേരേയുള്ള ആക്രമണം ശക്തിപ്പെടുത്താന്‍ താനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു.

ദക്ഷിണ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയാണ് തകർക്കപ്പെട്ട ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി. തകര്‍ന്ന ആശുപത്രിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മറുവശത്ത് ഇറാന്റെ അരാക്കിലെ ഘനജല ആണവ റിയാക്ടര്‍ ഇസ്രയേലും തകര്‍ത്തിട്ടുണ്ട്. ഇവിടുത്തെ ആണവോർജ പദ്ധതികൾ പൂർണ്ണമായി നിശ്ചലമായെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ബുധനാഴ്‌ച രാത്രി തങ്ങളുടെ പോർവിമാനങ്ങൾ ഉപയോഗിച്ചാണ് തെക്കുപടിഞ്ഞാറൻ ടെഹ്റാനിലെ അരാക് ആണവകേന്ദ്രം തകർത്തതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.

ആക്രമണത്തിന് മുൻപ് പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ആണവകേന്ദ്രത്തിന് നേരേ ശക്തമായ ആക്രമണമുണ്ടായത്. എന്നാൽ, ഇസ്രയേൽ ആക്രമണത്തിൽ ആണവകേന്ദ്രത്തിന് കാര്യമായ തകരാറുണ്ടായില്ലെന്നും പ്രദേശത്ത് ആണവവികിരണമില്ലെന്നുമാണ് ഇറാന്റെ അവകാശവാദം. നതാൻസിലെ യുറേനിയം സമ്പുഷ്‌ടീകരണകേന്ദ്രത്തിന് നേരേ വ്യാഴാഴ്ചയും ഇസ്രയേൽ ആക്രമണമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ആയുധ ഫാക്ടറികൾ, ബാലിസ്റ്റിക് മിസൈൽ നിർമാണ കേന്ദ്രങ്ങൾ എന്നിവ അടക്കം ലക്ഷ്യമിട്ട് 40 യുദ്ധവിമാനങ്ങളാണ് രാത്രി മുഴുവൻ ആക്രമണം നടത്തിയത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ കനത്ത ആക്രമണം തുടരുകയാണ്. ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 ആയി.

ഇറാന്‍-ഇസ്രയേല്‍ ആക്രമണത്തില്‍ അമേരിക്ക നേരിട്ട് സൈനിക ഇടപെടലുകള്‍ നടത്തിയേക്കുമെന്ന സംശയത്തിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്ക ആക്രമിച്ചാല്‍ എല്ലാ വഴികളും മുന്നിലുണ്ടെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഗരിബാബാദി പറഞ്ഞു. സംഘര്‍ഷം വഷളക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല. ആവശ്യമെങ്കില്‍ അമേരിക്കയെ പാഠം പഠിപ്പിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

Send your news and Advertisements

You may also like

error: Content is protected !!