ടെൽ അവീവ്: ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ ആക്രമണം. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് 160 ഓളം പ്രൊജക്ടൈലുകൾ തൊടുത്തുവിട്ടതായി ഹിസ്ബുള്ള അവകാശപ്പെട്ടു. വടക്കൻ, മധ്യ ഇസ്രയേലിലാണ് ആക്രമണം നടന്നത്. ഇസ്രയേലിന്റെ നാവിക താവളത്തിനു നേർക്കും ആക്രമണം നടത്തിയതായി ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി. വടക്കൻ ഇസ്രായേലിലേക്ക് തൊടുത്ത 55 ഓളം പ്രൊജക്ടൈലുകളിൽ പലതും തടഞ്ഞതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുടെ ആക്രമണങ്ങൾ കൃത്യമായി പ്രതിരോധിക്കാൻ സാധിച്ചെന്നും സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഹിസ്ബുള്ളയ്‌ക്കെതിരായുള്ള സൈനിക നടപടി ഇസ്രായേൽ കടുപ്പിച്ചിരുന്നു. ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന് തിരിച്ചടി നൽകാൻ ഇറാൻ തയാറെടുക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വടക്കൻ ഗാസയിലെ 3 നഗരങ്ങൾക്കുപിന്നാലെ, ഗാസ സിറ്റിയിലെ കിഴക്കൻ പട്ടണമായ ഷെജയ്യയിൽനിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പു നൽകി. ഇസ്രയേൽ സൈനികത്താവളത്തിനുനേർക്ക് ഇവിടെനിന്നു ശനിയാഴ്ച റോക്കറ്റ് ആക്രമണം ഉണ്ടായതിനെത്തുടർന്നാണിത്. അതിനിടെ, മധ്യഗാസയിലെ അൽ മഗസി, അൽ ബുറേജ് ക്യാംപുകളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 10 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 44,211 പലസ്തീൻകാർ കൊല്ലപ്പെട്ടു.