ടെഹ്‌റാന്‍: ഇറാനിൽ വിമാനമിറങ്ങിയതിന് പിന്നാലെ തട്ടിക്കൊണ്ടുപോയ 3 ഇന്ത്യക്കാരെയും ടെഹ്‌റാൻ പോലീസ് മോചിപ്പിച്ചു. പഞ്ചാബിലെ സംഗ്രൂര്‍ സ്വദേശി ഹുഷന്‍പ്രീത് സിങ്, എസ്ബിഎസ് നഗര്‍ സ്വദേശി ജസ്പാല്‍ സിങ്, ഹോഷിയാര്‍പുര്‍ സ്വദേശി അമൃത്പാല്‍ സിങ് എന്നിവരെയാണ് മേയ് ഒന്നാം തീയതി ടെഹ്റാനില്‍ വിമാനമിറങ്ങിയതിന് പിന്നാലെ കാണാതായത്. ഇവരെ ടെഹ്റാനില്‍നിന്ന് തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു നാട്ടിലെ ബന്ധുക്കള്‍ക്ക് ലഭിച്ച സന്ദേശം.
മൂന്ന് പഞ്ചാബ് സ്വദേശികളെ കാണാതായതായി ഇറാനിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചിരുന്നു. ഇവരെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബങ്ങളുടെ പരാതി ലഭിച്ചതിന് പിന്നാലെ ഇറാന്‍ അധികൃതരെ വിവരമറിയിച്ചതായും ഇവരെ കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ഇറാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യ എംബസി ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നുപേരെയും ടെഹ്‌റാന്‍ പോലീസ് മോചിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
ഒരുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയവര്‍ ഇവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ മൂവരെയും കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയിരുന്നു.