തിരുവനന്തപുരം: പേട്ടയിൽ യുവതി ട്രെയിൻ തട്ടി മരിച്ചനിലയിൽ. പത്തനംതിട്ട കൂടൽ കാരയ്ക്കാക്കുഴി പൂഴിക്കാട്ട് വീട്ടിൽ മേഘ മധു(25)വാണ് മരിച്ചത്. എയർപോർട്ട് ഇമിഗ്രേഷൻ ഓഫീസറാണ് യുവതി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട. ഗവ. ഐ. ടി. ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകൾ ആണ് മേഘ.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌പ്രസാണ് ഇടിച്ചത്. ട്രെയിൻ തട്ടി ഫോൺ പൂർണമായി തകർന്നതിനാൽ സൈബർ പൊലീസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.
സംഭവത്തിൽ കുടുബം ദുരൂഹതയാരോപിച്ചു. ഐബിക്കും പോലീസിനും ബന്ധുക്കൾ പരാതി നൽകി. ഐബിയിലെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണത്തിന് പിന്നാലെ സഹപ്രവർത്തകർ പങ്കുവെച്ച വിവരങ്ങളിൽ നിന്നാണ് ചില ദുരൂഹതകളുണ്ട് എന്ന കാര്യം കുടുംബം മനസ്സിലാക്കുന്നത്. മനോവിഷമത്തിലാണ് മേഘ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.