ന്യൂ ഡൽഹി: ഇന്ത്യൻ സഞ്ചാരികൾക്ക് വിസ ഫ്രീ എൻട്രി അനുവദിച്ച് ഫിലിപ്പൈൻസ്. പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ പ്രകാരം ഇന്ത്യൻ പൗരന്മാർക്ക് 14 ദിവസം വരെ വിസ ഇല്ലാതെ ഫിലിപ്പീൻസിൽ പ്രവേശിക്കാം. ഫിലിപ്പീൻസിയിൽ ഇന്ത്യക്കാർ ധാരാളമായി എത്തുന്നത് പരിഗണിച്ചാണ് ഇപ്പോഴത്തെ നീക്കം. കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്പോട്ടുള്ളവർക്കാണ് പുതിയ നിയമം ഉപയോഗപ്പെടുത്താൻ കഴിയുക. കൂടാതെ മുൻകൂട്ടി താമസവും ബുക്ക് ചെയ്തെന്ന് കാണിക്കുന്ന രേഖകളും ഫിലിപ്പീൻസിലെ യാത്രകൾക്കും മറ്റുമുള്ള ചെലവിനായി ആവശ്യത്തിന് പണം ഉണ്ടെന്ന് കാണിക്കുന്ന രേഖകളും ഉണ്ടായിരിക്കണം.
മറ്റൊരു രാജ്യത്തേക്കുള്ള മടക്കയാത്രയ്ക്കോ തുടർന്നുള്ള യാത്രയ്ക്കോ ഉള്ള ടിക്കറ്റും കൈയ്യിലുണ്ടാകണം. പ്രധാനപ്പെട്ട മറ്റൊരു കാര്യം ഫിലിപ്പീൻസിൻ്റെ ഇമിഗ്രേഷൻ നിയമങ്ങൾ തെറ്റിച്ചെന്നുള്ള യാതൊരു ട്രാക്ക് റെക്കോഡുകളും പാടില്ലെന്നതാണ്. അതേസമയം വിനോദ സഞ്ചാരികൾക്ക് 14 ദിവസത്തെ കാലയളവ് നീട്ടാൻ സാധിക്കില്ല. രണ്ടാഴ്‌ച കഴിയും മുൻപ് തന്നെ വിനോദ സഞ്ചാരികൾ രാജ്യം വിടണം. ദീർഘകാലം സന്ദർശനങ്ങൾക്കും വിനോദേതര സഞ്ചാരങ്ങൾക്കും എത്തുന്ന ഇന്ത്യൻ പൗരൻമാർക്ക് ഫിലിപ്പൈൻസിലേക്ക് കടക്കുന്നതിന് സാധുവായ വിസ ആവശ്യമാണെന്നും പുതിയ നിർദേശത്തിൽ പറയുന്നു.
എന്നാൽ യു.എസ്, ജപ്പാൻ, ഓസ്ട്രേലിയ, കാനഡ, ഷെങൻ സംസ്ഥാനങ്ങൾ, സിംഗപ്പൂർ, അല്ലെങ്കിൽ യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള സാധുവായ വിസകളോ താമസ പെർമിറ്റുകളോ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസം വരെ ഫിലിപ്പൈൻസിൽ തുടരാൻ കഴിയും.
അടുത്തിടെ ഫിലിപ്പീൻസിലേക്കുള്ള ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെലിബ്രിറ്റികൾ അടക്കമുള്ളവരാണ് ഇവിടേക്ക് പറക്കുന്നത്. വൈവിധ്യമാർന്ന ഭക്ഷണങ്ങളും എപ്പോഴും പ്രവർത്തിക്കുന്ന തെരുവുകളും ലോകത്തിലെ തന്നെ മനോഹരങ്ങളായ ദ്വീപുകളും ബീച്ചുകളും വെള്ളച്ചാട്ടങ്ങളും കൊളോണിയൽ സംസ്‌കാരത്തിൻ്റേയും ചരിത്രത്തിന്റേയും ശേഷിപ്പുകളുമെല്ലാം സഞ്ചാരികൾക്ക് ഇവിടെ കാണാം.
ഇന്ത്യക്കാർ ഫിലിപ്പൈൻസിലേക്ക് കൂടുതൽ എത്തിതുടങ്ങിയ സാഹചര്യത്തിൽ മലിനയിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ എയർ ഇന്ത്യ ഒക്ടോബർ ഒന്നുമുതൽ ആരംഭിക്കും.