എൻ്റെ സിനിമാ പ്രണയകാലത്ത് ഉദിച്ചുയർന്ന നിർമ്മാണ ക്കമ്പനിയാണ് സെവൻ ആർട്ട്സ്. പഴയ തലമുറയ്ക്ക് ചന്ദ്രതാര, മഞ്ഞിലാസ് എന്നൊക്കെപ്പോലെ പിന്നീട് വന്ന സെഞ്ച്വറി, കാസിനോ, ഗാന്ധിമതി എന്നൊക്കെപ്പോലെ ഞങ്ങളുടെ എൺപത് – തൊണ്ണൂറുകൾക്ക് പ്രിയപ്പെട്ട നിർമ്മാണക്കമ്പനി. അതിൻ്റെ മാനേജരായ ജിപി വിജയകുമാർ ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് സെവൻ ആർട്സ് എന്ന പേര് നിർദ്ദേശിച്ചത് എംടിയാണെന്നാണ്. അവരുടെ ആദ്യ സിനിമയാണ് പഞ്ചാഗ്നി. 7 എന്നെഴുതി ഇരു ഭാഗത്തും ഓരോ ചിറക്. അതായിരുന്നു ആദ്യ ഷോട്ട്. തുടർന്ന് ചുവന്ന ഇംഗ്ലീഷ് അക്ഷരങ്ങളിലും അതുകഴിഞ്ഞ് മലയാളത്തിലും പഞ്ചാഗ്നി എന്ന ഷോട്ട്. പിന്നെ കനത്ത ബൂട്ടടികളുടെ ശബ്ദം. നീണ്ട ഇടനാഴിയിലൂടെ നടന്നു വരുന്ന പോലീസുകാർ. ജയിലഴിക്കുള്ളിൽ മുഖം താഴ്ത്തിയിരിക്കുന്ന യുവതി. മലയാളത്തിൽ പുതുമുഖമായ ഗീത. അവളാണ് ഇന്ദിര. അമ്മയുടെ ആരോഗ്യ നില വഷളായതിനാൽ കാണാനായി പതിനാല് ദിവസത്തെ പരോളിൽ വീട്ടിലെത്തുന്നു.
അടിയാളരെ ദ്രോഹിക്കുന്ന അവറാച്ചൻ എന്ന ജന്മിയെ സംഘം ചേർന്ന് കൊന്ന കേസിലെ പ്രതിയാണ് ഇന്ദിര. നക്സലൈറ്റ് നേതാവ് അജിതയുമായി വിദൂരഛായയെങ്കിലുമുള്ള വിധത്തിലാണ് എം ടി ആ കഥാപാത്രത്തെ സൃഷ്ടിച്ചത് എന്ന് പിന്നീടറിഞ്ഞു. അത്, അജിതയോട് ആരാധന തോന്നാൻ ഇടയാക്കി. ആ ആരാധന മൂത്താണ് അവരുടെ ഓർമ്മക്കുറിപ്പുകൾ എന്ന ആത്മകഥ വായിച്ചത്.
തന്നെ ഇത്രയും ആദരിച്ച് അതിശക്തമായ ഒരു കഥാപാത്രത്തെ സൃഷ്ടിച്ച എംടിയെ അജിത പിൽക്കാലത്ത് സ്ത്രീവിരുദ്ധൻ എന്ന് അധിക്ഷേപിച്ചതെന്തിനെന്ന് എനിക്ക് മനസ്സിലാവുന്നില്ല. മീശയില്ലാത്ത നായകനും തോക്കേന്തിയ നായികയും എന്ന ആ പോസ്റ്റർ മതിയല്ലോ കഥയുടെ നിലപാട് വിളംബരം ചെയ്യാൻ. തുടർന്നങ്ങോട്ട് മീശ പിരിച്ച് സൂപ്പർ സ്റ്റാറായ മോഹൻലാലിനെയാണ് പഞ്ചാഗ്നിയുടെ നായികാ പ്രധാന കഥയ്ക്ക് വേണ്ടി മീശ വടിപ്പിച്ചത് എന്നോർക്കണം!
അമ്മയെ കാണാൻ നാട്ടിലെത്തിയ യുവതിയെ കാണുമ്പോൾ ആളുകൾ പേടിച്ച് വിറക്കുന്നു – അടക്കം പറയുന്നു. തലവെട്ടു കേസിലെ പ്രതിയാണല്ലോ!
സഹോദരന്മാർക്കും ഇന്ദിരയോട് അമർഷം – പോലീസ്ജ്യേഷ്ഠന് പെങ്ങൾ നിമിത്തം പ്രമോഷന് പകരം കിട്ടിയത് സസ്പെൻഷൻ. തൊഴിൽ രഹിതനനിയൻ ഇൻ്റർവ്യൂവിൽ തഴയപ്പെടുന്നതും പെങ്ങളുടെ പേരിൽ.
എന്നാൽ, പഴയ സ്വാതന്ത്ര്യ സമര സേനാനിയായ അമ്മ രോഗശയ്യയിൽ കിടന്നും ഇന്ദിരയെ മനസ്സിലാക്കുന്നുണ്ട്. പിന്നെ ഭർത്താവും കുഞ്ഞുമുള്ള അനിയത്തിക്കും ചേച്ചിയോട് സ്നേഹമുണ്ട്. എന്നാൽ അവളുടെ ഭർത്താവായ കോളേജ് ലക്ചറർ പണ്ട് ഇന്ദിരയെ സ്നേഹിച്ചതാണ്. ഒരു സാന്ത്വനത്തിൻ്റെ ചുമൽ സ്പർശവുമായി അയാൾ അവൾക്കരികിൽ നിൽക്കുമ്പോൾ ഈ അനിയത്തിയും കുത്തു വാക്ക് പറയുന്നു – ഉറങ്ങുന്ന കുഞ്ഞിനെ ഞാനിങ്ങോട്ടെടുക്കാം. എന്നിട്ട് നിങ്ങൾ പായ വിരിച്ചോളൂ. സ്വാർത്ഥതയ്ക്ക് ബന്ധങ്ങളെല്ലാം വിളറിപ്പോകുന്നത് കാണിച്ചു തരാൻ എംടിക്ക് എന്തൊരു മിടുക്കാണ് .
പണ്ടത്തെ ഒരു കൂട്ടുകാരി ഇപ്പോഴും ഇന്ദിരയ്ക്ക് പ്രിയപ്പെട്ടവൾ. നടി ചിത്രയെ മനസ്സിലോർത്തു വെക്കാൻ കിട്ടിയ ഒരു കഥാപാത്രം.
കൂട്ടുകാരിക്ക് വേണ്ടി അവൾ പാടുന്നു – ചിത്ര ചിത്രയുടെ ശബ്ദത്തിൽ!
ആ രാത്രി മാഞ്ഞു പോയി.
ആ രക്തശോഭമാം
ആയിരം കിനാക്കളും
പോയ് മറഞ്ഞു…
കൂട്ടുകാരിയുടെ വിപ്ലവമോഹങ്ങൾ തിരിച്ചറിഞ്ഞുള്ള പാട്ട് – രക്തശോഭമാം കിനാക്കൾ ! കഥാസന്ദർഭത്തെ പാട്ടിൽ സ്പർശിക്കാനുള്ള ഓ എൻ വി യുടെ വൈഭവം.
കൂട്ടുകാരിയെ പണ്ട് രാജൻ (മുരളി ശ്രദ്ധേയനാവുന്ന ആദ്യ കഥാപാത്രം) പ്രണയിച്ചതിന് ദൂതിയിരുന്നു ഇന്ദിര. തിന്നും കുടിച്ചും പലരുമായി രമിച്ചും കഴിയുന്ന ആ ധനികന് വീട്ടിലെ ഒരു അലങ്കാര വസ്തു മാത്രമാണ് ഭാര്യ. അവിടെ ജോലിക്ക് വരുന്ന കൊച്ചു പെൺകുട്ടിയെ രാജനും കൂട്ടുകാരും കൂടി കടിച്ച് കീറുന്നു. അതിന് രാജനെ വെടിവച്ചു കൊന്ന് വീണ്ടും ജയിലിൽ പോവുകയാണ് ഇന്ദിര. ഇന്ദിരയോട് പ്രണയമുള്ള റഷീദ് എന്ന പത്രക്കാരനും (മോഹൻലാൽ) സഹചാരി രാമേട്ടനും (തിലകൻ) അവളെ ജയിൽ മോചിതയാക്കാൻ നടത്തിയ ശ്രമങ്ങൾ വിജയത്തിലെത്തിയത് അങ്ങനെ പാഴാവുന്നു.
റഷീദിനോട് ഒടുവിൽ ഇന്ദിര പറയുന്നത് ഇങ്ങനെയാണെന്ന് തോന്നുന്നു – ക്ഷമിക്കുക. എനിക്ക് എൻ്റെ മന:സാക്ഷിയിൽ നിന്ന് ഒളിച്ചോടാനാവുന്നില്ല!
മന:സാക്ഷി – നമ്മുടെ ഉള്ളിൽ നിന്നും നമ്മുടേതായ ശരിതെറ്റുകൾ നമ്മെ ഓർമ്മിപ്പിക്കുന്ന ഒരാൾ!
മന:സാക്ഷി എന്താണെന്ന് മനസ്സിലാവാത്തവർക്ക്, അതെന്താണെന്ന് മനസ്സിലാക്കിക്കൊടുക്കാൻ മലയാളിക്ക് കിട്ടിയ മികച്ചൊരു സിനിമാ സന്ദർഭം ഇതാണെന്ന് ഞാൻ വിചാരിക്കുന്നു. വീണ്ടും ജയിലിലേക്ക് പോകുമ്പോൾ അവിടെ പണിയെടുത്ത് കിട്ടിയ പണം മുഴുവൻ അനിയനെ ഏൽപ്പിക്കുകയാണ് ഇന്ദിര. നിരാശ പെരുകി മയക്കുമരുന്നിലെത്തിയ അവനോട് ഇന്ദിര പറയുന്നു – “ആരുടേയും അടിമയാകരുത് , ഒന്നിൻ്റെയും “ .
എം ടി യെൻ സാഹിത്യലോകത്തു നിന്നും എനിക്ക് ലഭിച്ച ഏറ്റവും പ്രചോദകമായ വാക്യം ഇതാണ് .
തുടരും….
പ്രകാശൻ കരിവെള്ളൂർ