Monday, September 1, 2025
Mantis Partners Sydney
Home » ആർ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.
ആർ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

ആർ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

by Editor

ബ്രിസ്‌ബേന്‍: ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ബ്രിസ്ബന്‍ ടെസ്റ്റിന് ശേഷം രോഹിത് ശര്‍മയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡുമായാണ് അശ്വിന്റെ പടിയിറക്കം. 106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 116 ഏകദിനത്തില്‍ 156 വിക്കറ്റും 65 ട്വന്റി-20-യില്‍ 72 വിക്കറ്റും സമ്പാദിച്ചു. ടെസ്റ്റില്‍ 6 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ആകെ 3503 റണ്‍സ്.

ഇന്ന് സമാപിച്ച ടെസ്റ്റിൽ അശ്വിൻ കളിച്ചിരുന്നില്ല. ഇത്തവണത്തെ ബോർഡർ – ഗാവസ്കർ ട്രോഫിയിൽ, അഡ്‍ലെയ്ഡിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മാത്രമാണ് താരം കളിച്ചത്. ഇന്ത്യൻ താരങ്ങളിൽ 132 ടെസ്റ്റുകളിൽനിന്ന് 619 വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ലെ മാത്രമാണ് അശ്വിനു മുന്നിലുള്ളത്. 2011 ൽ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു അശ്വിന്‍. 2010 ജൂണിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളായ അശ്വിന്‍, 2016ല്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ നേടി. 2016ല്‍ ഇന്ത്യയ്ക്കുവേണ്ടി 12 ടെസ്റ്റ് മത്സരങ്ങളില്‍ 72 വിക്കറ്റുകള്‍ താരം വീഴ്ത്തി. അശ്വിന്‍ ഉടന്‍ തന്നെ ടീം ക്യാംപ് വിടുമെന്നും ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്ന് രോഹിത് വ്യക്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!