മന്ത്രി വി ശിവൻകുട്ടിയുടെയും ആർ പാർവതി ദേവിയുടെയും മകൻ ഗോവിന്ദ് ശിവനും എറണാകുളം തിരുമാറാടി തേനാകര കളപ്പുരയ്ക്കൽ ജോർജിന്റെയും റെജിയുടെയും മകൾ എലീന ജോർജും വിവാഹിതരായി. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം തിരുവനന്തപുരം റോസ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ വിവാഹം രജിസ്റ്റർ ചെയ്തു.
വിവാഹ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ശിവൻകുട്ടി വിവാഹ വിവരം പങ്കുവച്ചത്. ‘ആർ. പാർവതി ദേവിയുടെയും എന്റെയും മകൻ പി. ഗോവിന്ദ് ശിവനും തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോർജിൻ്റെയും റെജിയുടെയും മകള്‍ എലീന ജോർജും സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായി..’ എന്നാണ് വിവാഹച്ചിത്രം പങ്കുവെച്ച് മന്ത്രി കുറിച്ചത്.
ശിവൻകുട്ടിയുടെ മകന്റെ വിവാഹം നടന്ന റോസ് ഹൗസ് മുൻപ് മറ്റൊരു പ്രണയ വിവാഹത്തിനും സാക്ഷിയായിട്ടുണ്ട്. 1957 -ല്‍ കെ ആർ ഗൗരിയമ്മയും ടി വി തോമസും വിവാഹിതരായത് റോസ് ഹൗസിലാണ്. 1957 മെയ് 30 നായിരുന്നു കെ ആര്‍ ഗൗരിയമ്മയുടെയും ടിവി തോമസിന്റെയും ദാമ്പത്യത്തിലേക്കുള്ള ചുവടുവയ്പ്പ്. വീടുകള്‍ അടുത്താണെങ്കിലും റോഡ് ചുറ്റി വേണമായിരുന്നു ഗൗരിയമ്മയ്ക്കും ടി വി തോമസിനും തമ്മില്‍ കാണാൻ. മതിലില്‍ ഒരു വിടവ് ഉണ്ടാക്കി പിന്നീട് യാത്ര ആ വിടവിലൂടെയായിരുന്നു ഇരുവരുടെയും പ്രണയം. അത് മനസ്സിലാക്കി അന്നത്തെ മുഖ്യമന്ത്രി ഇ എം എസ് ആണ് വിവാഹത്തിന് മുൻകൈ എടുത്തത്.
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു പ്രണയ വിവാഹത്തിന് മന്ത്രിമന്ദിരം സാക്ഷ്യം വഹിച്ചപ്പോള്‍ വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ സന്നിഹിതരായി.