ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ഇന്ത്യാ സഖ്യം വിട്ടു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാത്രമാണ് പ്രതിപക്ഷ കൂട്ടായ്മ രൂപവത്കരിച്ചതെന്ന് എഎപി വക്താവ് അനുരാഗ് ദണ്ഡ വ്യക്തമാക്കി. മോദിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിയുന്നത് മാത്രമാണ് രാഹുല്‍ ഗാന്ധി പറയുന്നതെന്ന് ആംആദ്മി വക്താവ് ആരോപിച്ചു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അനുരാഗ് ദണ്ഡ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ബിജെപിയും കോണ്‍ഗ്രസും രഹസ്യവും അഴിമതി നിറഞ്ഞതുമായ കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ച എഎപി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അറിയിച്ചു.
മോദിക്ക് രാഷ്ട്രീയമായി ഗുണംലഭിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഇതിന് പകരമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും കേസുകളില്‍പ്പെടാതെ മോദി രക്ഷിച്ചെടുക്കുകയാണെന്നും അനുരാഗ് ദണ്ഡ പറഞ്ഞു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനായി മാത്രമാണ് ഇന്ത്യാ സഖ്യം രൂപവത്കരിച്ചത്. ഇത് പ്രതിപക്ഷ കൂട്ടായ്‌മയ്ക്ക് 240 സീറ്റുകൾ നേടിത്തന്നു എന്നത് പ്രധാന നേട്ടമാണ്. എഎപിയെ സംബന്ധിച്ചിടത്തോളം, സഖ്യം അതിന്റെ ലക്ഷ്യം നേടി. ഇനി സഖ്യത്തിൽ തുടരാനില്ല. എല്ലാ സംസ്ഥാനങ്ങളിലും എഎപി ഒറ്റയ്ക്ക് മത്സരിക്കും. ഈവർഷം അവസാനം ബിഹാറിൽ നടക്കുന്ന തിരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ദണ്ഡ പറഞ്ഞു. അതേസമയം, പാർലമെന്റിൽ രാജ്യത്തിന് ഏറ്റവും നല്ലത് ഏതാണെന്നതിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നിലപാടിനെ തങ്ങളുടെ എംപിമാർ പിന്തുണയ്ക്കുമെന്നും ഇരുസഭകളിലേക്കും അതനുസരിച്ച് വോട്ടുചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ ഡല്‍ഹി, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആംആദ്മി ഒറ്റയ്ക്കായിരുന്നു മത്സരിച്ചിരുന്നത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നടത്തിയ ആരോപണപ്രത്യാരോപണങ്ങൾ വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. കേന്ദ്രതലത്തില്‍ ഇന്‍ഡ്യാ മുന്നണിക്കൊപ്പം നില്‍ക്കുകയും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മുന്നണിയിലെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസിനെ തള്ളിപ്പറയുകയും ചെയ്ത അരവിന്ദ് കെജ്‌രിവാളിന്റെ നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും ആംആദ്മിക്കും കനത്ത തിരിച്ചടി നല്‍കിയിരുന്നു.