അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ ബോയിങ് 787–8 ഡ്രീംലൈനർ വിമാനാപകടത്തിൽ 275 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരണം. ഗുജറാത്ത് ആരോഗ്യ വകുപ്പിൻ്റേതാണ് സ്ഥിരീകരണം. ഇതിൽ 241 പേർ വിമാനത്തിനകത്തും 34 പേർ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരും ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ജൂൺ 12 -ലെ വിമാനാപകടത്തിന് ശേഷം ആകെ മരണ സംഖ്യയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നില്ല. ഡിഎൻഎ പരിശോധന പൂർത്തിയാക്കുന്ന മുറയ്ക്കേ യഥാർഥ കണക്ക് ലഭിക്കൂ എന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. അപകടത്തിൽ കൊല്ലപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായും ആരോഗ്യവകുപ്പ് അറിയിച്ചു. 260 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെയും ആറ് പേരെ മുഖം കണ്ടുമാണ് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ടവരിൽ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉൾപ്പെടുന്നു.
ഇതുവരെ 256 മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡിഎൻഎ തിരിച്ചറിയൽ ഇപ്പോഴും പുരോഗമിക്കുകയാണ്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന ബോയിങ് ഡ്രീംലൈനർ വിമാനം പറന്ന് നിമിഷങ്ങൾക്കകം വിമാനത്താവള പരിധിക്കപ്പുറത്തുള്ള ആശുപത്രി കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.