അഹമ്മബാദ്: എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാന അപകടത്തിൽ 294 പേർ മരിച്ചുവെന്ന് അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുൾപ്പടെ 241 പേരെ കൂടാതെ പ്രദേശവാസികളും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. വിമാനാപകടം നടന്ന സ്ഥലത്ത് നിന്ന് 265 മൃതദേഹങ്ങള്‍ ഇതുവരെ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. എങ്കിലും ബോയിങ് 787 ഡ്രീംലൈനര്‍ അപകടത്തില്‍ എത്രപേര്‍ മരണപ്പെട്ടു എന്നതില്‍ ഔദ്യോഗികമായ അന്തിമ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. വിമാനം ഇടിച്ചിറങ്ങിയ ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ അടക്കമാണ് മരണപ്പെട്ടത്.
വിമാനം ജനവാസമേഖലയിലാണ് തകര്‍ന്നുവീണത്. ബിജെ മെഡിക്കല്‍ കോളേജിലേയും മെഘാനിനഗര്‍ സിവില്‍ ആശുപത്രിയുടേയും റെസിഡന്‍ഷ്യല്‍ കോര്‍ട്ടേഴ്‌സുകളും ഹോസ്റ്റലുമാണ് ഇവിടെയുണ്ടായിരുന്നത്. പ്രദേശവാസികളും മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരുടെ കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനായ രമേശ് വിസ്വാഷ് കുമാർ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.
അപകടത്തിൽ മലയാളിയായ രഞ്ജിത ഗോപകുമാരൻ നായരും മരിച്ചിരുന്നു. ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത. പുല്ലാട്ടെ കുടുംബവീട്ടിൽ രഞ്ജിതയുടെ രണ്ട് മക്കളും അമ്മയുമാണുള്ളത്. നേരത്തെ ഗൾഫ് നാടുകളിൽ ജോലി ചെയ്തിരുന്ന രഞ്ജിത പിന്നീട് നഴ്സായി ലണ്ടനിൽ ജോലിക്ക് കയറുകയായിരുന്നു.
വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഭാര്യ അഞ്ജലി രൂപാണിയെയും മകളെയും കാണാനായാണ് ലണ്ടനിലേക്ക് പുറപ്പെട്ടത്. ഭാര്യയെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാനായാണ് വിജയ് രൂപാണി അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കുളള എയര്‍ ഇന്ത്യ വിമാനത്തില്‍ പുറപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്ന് വീണ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നു എന്ന വിലയിരുത്തലാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ബ്ലാക്ക് ബോക്സിലെ വിവരങ്ങളും അപകടകാരണം സംബന്ധിച്ച സാങ്കേതിക പരിശോധനകൾക്കും ശേഷം ലഭ്യമാകുന്ന വിവരങ്ങളും പുറത്ത് വരുന്നതോടെ മാത്രമേ അപകട കാരണം സംബന്ധിച്ച ശരിയായ ചിത്രം പുറത്ത് വരികയുള്ളു. വിമാനം പറന്നുയർന്നതിന് പിന്നാലെ എയർ ട്രാഫിക് കൺട്രോളിന് ലഭിച്ച മെയ്ഡേ കോൾ ( വളരെ അടിയന്തര സാഹചര്യത്തിൽ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) വിമാനത്തിൻ്റെ സാങ്കേതിക തകരാർ സംബന്ധിച്ച മുന്നറിയിപ്പായിരിക്കാം എന്നും വിലയിരുത്തലുണ്ട്.