ജറുസലം: അല്‍-അഖ്സ മസ്ജിദ് വളപ്പിലേക്ക് ഇസ്രായേല്‍ മന്ത്രി കടന്നു കയറിയതിൽ വ്യാപക പ്രതിഷേധം. കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്സ മസ്ജിദ് വളപ്പിലേക്ക് തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേല്‍ മന്ത്രി കടന്നു കയറിയതിനെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. അധിനിവേശം അവസാനിപ്പിക്കണമെന്നും പലസ്തീൻ രാജ്യം അംഗീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. അല്‍ അഖ്സ പള്ളിയിക്കു നേരെയുള്ള ഇടയ്ക്കിടെയുണ്ടാക്കുന്ന അതിക്രമങ്ങള്‍ ലോകമെമ്പാടുമുള്ള മുസ്ലിങ്ങളുടെ വികാരങ്ങളുടെ നഗ്‌നമായ ലംഘനവും പ്രകോപനവുമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഹീബ്രു ‘വെളിച്ചങ്ങളുടെ വിരുന്ന്’ (ഹനുക്ക) എന്ന് വിളിക്കപ്പെടുന്ന ജൂതമത വിശ്വാസ പ്രകാരമുള്ള ആചാരത്തിന്റെ തുടക്കം കുറിക്കുന്നതിനു വേണ്ടിയാണ് ഇസ്രായേല്‍ പോലീസിന്റെ കനത്ത സംരക്ഷണത്തില്‍ അല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറാന്‍ ഇസ്രായേലിന്റെ തീവ്രവാദ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ തയാറായത്. നിയമവിരുദ്ധമായി മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നത് മേഖലയില്‍ വലിയ സംഘര്‍ഷത്തിനും പ്രതിഷേധത്തിനും ഇടയാക്കാറുണ്ട്.
ഡിസംബർ 26 വ്യാഴാഴ്ച ഇസ്രായേൽ സേനയുടെ സംരക്ഷണയിൽ ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ അൽ-അഖ്സ മസ്ജിദിൽ കടന്നുകയറിയതിനെ ഈജിപ്റ്റും ശക്തമായി അപലപിച്ചു. ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ “പ്രകോപനപരമായ നടപടി” എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം തീവ്രവാദ പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ വികാരങ്ങളെ ഉത്തേജിപ്പിക്കുകയും സമാധാനപരമായ സഹവർത്തിത്വത്തിനുള്ള അവസരങ്ങളെ തുരങ്കം വയ്ക്കുകയും ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പലസ്തീനിയൻ അതോറിറ്റിയും, ജോർദാനും നടപടിയെ അപലപിച്ചു രംഗത്തുവന്നിട്ടുണ്ട്. ഇസ്രായേൽ മന്ത്രി അൽ അഖ്സ മസ്ജിദിൽ അതിക്രമിച്ചു കയറിയതിനെ ഫ്രാൻസും അപലപിച്ചു. സുരക്ഷാ സേനയുടെ സംരക്ഷണയിൽ ഇസ്രായേൽ മന്ത്രി അൽ-അഖ്‌സ മസ്ജിദ് ആക്രമിച്ചതിനെ ശക്തമായി അപലപിക്കുന്നു എന്ന് ടർക്കിഷ് വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയിൽ പറഞ്ഞു. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലി വംശഹത്യയും അൽ-അഖ്‌സ മസ്ജിദിൻ്റെ ചരിത്രപരമായ സ്ഥിതി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ അധികാരികളുടെ പ്രകോപനങ്ങളും മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇസ്രായേൽ ആക്രമണം തുടരുന്നു, ആശുപത്രി അടച്ചു.
ഹമാസുകാരെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ, വടക്കൻ ഗാസയിൽ പ്രവർത്തിച്ചിരുന്ന ഏക ആശുപത്രിയായ കമാൽ അദ്‍വാൻ അടച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഇസ്രയേൽ സൈന്യം ആശുപത്രി വളഞ്ഞത്. ആശുപത്രിയിലും പരിസരങ്ങളിലും നടത്തിയ ആക്രമണങ്ങളിൽ അഞ്ച് ആരോഗ്യപ്രവർത്തകരുൾപ്പെടെ 50-ലെറെപ്പേർ കൊല്ലപ്പെട്ടെന്നാണ് ഗാസാ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. സൈനികനടപടിക്കുമുൻപായി ആശുപത്രിയൊഴിയാൻ രോഗികളോടും കൂട്ടിരിപ്പുകാരോടും ആശുപത്രിജീവനക്കാരോടും ഇസ്രയേൽ സൈന്യം നിർദേശിച്ചിരുന്നു.എന്നാൽ, 60-ഓളം ആരോഗ്യപ്രവർത്തകരും ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള 25-ഓളം രോഗികളും ഇപ്പോഴും ആശുപത്രിയിലുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ. പറഞ്ഞു. രോഗികളുടെ സുരക്ഷയിൽ ആശങ്കയറിയിച്ച ഡബ്ല്യു.എച്ച്.ഒ., ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ടു. കമാൽ അദ്‍വാനും പരിസരങ്ങളും കേന്ദ്രീകരിച്ച് ഹമാസുകാർ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം.
അതിനിടെ തെക്കൻ ഗസയിൽ അതിശൈത്യത്തെ തുടര്‍ന്ന് മൂന്ന് നവജാത ശിശുക്കൾ മരിച്ചു. അന്തരീക്ഷ താപനില കുറഞ്ഞതും ക്യാമ്പുകളില്‍ താപനില ക്രമീകരിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് മരണകാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഗസയിലെ ഇസ്രായേൽ ഉപരോധം തുടരുന്നതിനാൽ അടിസ്ഥാന സൗകര്യങ്ങള്‍ നഷ്ടപ്പെട്ടതും മോശമായ ആരോഗ്യനിലയും ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും അഭാവവും അതിശൈത്യത്തെ ചെറുക്കുന്നതില്‍ പലസ്തീനികളെ പ്രതിസന്ധിയിലാക്കുകയാണ്.
യെമനിൽനിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ യുഎസിന്റെ താഡ് തകർത്തു.
യെമനിൽനിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ യുഎസിന്റെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം (താഡ്) ഉപയോഗിച്ച് ഇസ്രയേൽ തകർത്തു. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് മിസൈൽ പ്രയോഗിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. യുഎസിന്റെ പ്രധാന മിസൈൽ സംവിധാനമാണ് താഡ്. ആദ്യമായാണ് ഈ മിസൈൽ സംവിധാനം ഇസ്രയേൽ ഉപയോഗിക്കുന്നത്. ഒക്ടോബറിലാണ് മിസൈൽ സംവിധാനം ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമായത്. ഈ സംവിധാനത്തിന് 870 മുതൽ 3000 കിലോമീറ്റർ പരിധിവരെയുള്ള മിസൈൽ ഭീഷണികളെ കണ്ടെത്താനാകും. ഹമാസിനെ പിന്തുണച്ച് ഹൂതി വിമതർ ഇടയ്‌ക്കിടെ ഇസ്രയേലിനുനേരെ മിസൈൽ ആക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും നടത്തുന്നുണ്ട്. “ഹൂത്തികളുടെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാൻ ഞാൻ ഞങ്ങളുടെ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്, കാരണം ഞങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ആരെയും പൂർണ്ണ ശക്തിയോടെ ആക്രമിക്കും,” നെതന്യാഹു പറഞ്ഞു.
തുറമുഖങ്ങളും ഊർജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് സനയിലും ഹൊദൈദയിലും ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു.