പത്തനംതിട്ട: പതിമൂന്ന് വയസുകാരിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ച കേസില്‍ അമ്മയും റാന്നി സ്വദേശിയായ ആണ്‍സുഹൃത്ത് ജയ്‌മോനും അറസ്റ്റില്‍. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. മംഗലാപുരത്ത് വെച്ചാണ് ഇവര്‍ അറസ്റ്റിലാകുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബര്‍ മാസം പത്തനംതിട്ടയിലെ ഒരു ലോഡ്ജില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരം സ്വദേശികളായ അമ്മയേയും മകളേയും പത്തനംതിട്ടയിലേക്ക് വിളിച്ചുവരുത്തുകയും അമ്മയുടെ സാന്നിധ്യത്തില്‍ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. ഇതിന് പിന്നാലെ കുട്ടിയുടെ മാതാവും സുഹൃത്തായ ജയ്‌മോഹനും ഒളിവില്‍പോകുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ കുട്ടിയുടെ അമ്മയും ജയ്മോനും കർണാടകത്തിലേക്ക് കടന്നു. ഇവിടെനിന്ന് പത്തനംതിട്ട പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
മലപ്പുറം കാളികാവ് പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ കൊലക്കേസ് ഉണ്ടെന്നും അടിമാലി, മൂന്നാര്‍, മണിമല, വെള്ളത്തൂവല്‍, ബാലരാമപുരം എന്നിവിടങ്ങളില്‍ പോക്‌സോ ഉള്‍പ്പടെയുള്ള കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്നും കൊടും ക്രമിനലാണ് ഇയാളെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ ജയിലില്‍ കഴിയവേ ഒരു സഹതടവുകാരന്‍ മുഖേനയാണ് പെണ്‍കുട്ടിയുടെ അമ്മയെ പരിചയപ്പെടുന്നത്. പുറത്തിറങ്ങിയതിന് ശേഷം യുവതിയുമായി അടുപ്പത്തിലാകുകയും അത് പ്രണയബന്ധത്തിലേക്ക് കടക്കുകയും ചെയ്‌തെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിക്കുന്നത് അമ്മയുടെ അറിവോടുകൂടിയാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അവരേയും അറസ്റ്റ് ചെയ്യുന്നത് എന്ന് പോലീസ് പറഞ്ഞു.