Tuesday, March 24, 2026
Home » അപകടത്തിൽപ്പെട്ട കപ്പൽ മുങ്ങുന്നു: കപ്പലിലുള്ള എല്ലാവരെയും രക്ഷപെടുത്തി. തീരപ്രദേശങ്ങളിൽ ജാഗ്രത.
അപകടത്തിൽപ്പെട്ട കപ്പൽ

അപകടത്തിൽപ്പെട്ട കപ്പൽ മുങ്ങുന്നു: കപ്പലിലുള്ള എല്ലാവരെയും രക്ഷപെടുത്തി. തീരപ്രദേശങ്ങളിൽ ജാഗ്രത.

by Editor
Send your news and Advertisements

കൊച്ചി കടൽ തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ (70.3 കിലോമീറ്റർ) ദൂരത്ത് വെച്ച് അപകടത്തിൽ പെട്ട ലൈബിരിയൻ കപ്പൽ കടലിൽ മുങ്ങി. MSC Elsa 3 എന്ന കപ്പലാണ് കടലിൽ മുങ്ങിയത്. സംസ്ഥാന സർക്കാരിനെ കോസ്റ്റ്ഗാർഡ് ഇക്കാര്യം അറിയിച്ചു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകളും മുങ്ങി. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്. കടലിൽ ചെരിഞ്ഞ കപ്പലിലെ ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും കപ്പലിൽനിന്നു മാറ്റി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഇവർ സുരക്ഷിതരാണ്.

ഇന്നലെ ഉച്ചയ്ക്ക് 1.25-ന് ആണ് കപ്പൽ 26 ഡിഗ്രി ചെരിഞ്ഞുവെന്നും കണ്ടെയ്‌നറുകളിൽ ചിലതു കടലിൽ വീണെന്നുമുള്ള സന്ദേശം തീരസേനയുടെ രക്ഷാകേന്ദ്രത്തിൽ ലഭിച്ചത്. തുടർന്ന്, പ്രതികൂല കാലാവസ്‌ഥയെ അവഗണിച്ചു തീരസേനയുടെ ഡോണിയർ വിമാനവും പട്രോൾ യാനങ്ങളായ ഐസിജിഎസ് അർണവേഷ്, ഐസിജിഎസ് സക്ഷം എന്നിവയും നാവികസേനയുടെ പട്രോൾ യാനമായ ഐഎൻഎസ് സുജാതയും സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു.

കപ്പലിൽ‌ നിന്ന് വീണ കണ്ടെയ്‌നറുകൾ കൊച്ചി ആലപ്പുഴ തീരങ്ങളിൽ എത്തുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്തും കണ്ടെയ്‌നറുകൾ എത്താൻ സാധ്യതയുണ്ട്. കണ്ടെയ്നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. സൾഫർ കലർന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്. ഡിഫൻസ് പിആർഒ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നാണ് അറിയിക്കുന്നത്. മണിക്കൂറിൽ ഒരു കിലോമീറ്റർ വേഗത്തിലാണ് കണ്ടെയ്‌നറുകൾ നീങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടെയ്‌നർ തീരത്ത് എത്തിയേക്കാൻ‌ സാധ്യതയുണ്ട്. തീരങ്ങളിൽ കണ്ടെയ്‌നറുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തീരദേശത്തെ ജാഗ്രതാ മുന്നറിയിപ്പിൽ മാറ്റമില്ല. കണ്ടെയ്നറുകളുടെ അടുത്തേക്ക് പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കപ്പലിൽ നിന്ന് ലീക്കായ ഓയിൽ‌ ഏത് ഭാ​ഗത്തേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായിട്ടില്ല. തൃശൂർ മുതൽ‌ തിരുവനന്തപുരം വരെയുള്ള തീരങ്ങളിൽ ഓയിൽ എത്താൻ സാധ്യതയുണ്ടെന്നാണ് നി​ഗമനം.

 

You may also like

error: Content is protected !!