വായിച്ച പുരാണ കഥകളിലോ പൂമ്പാറ്റ – ബാലരമക്കഥകളിലോ കുറ്റാന്വേഷണകഥകളിലോ ഒന്നും പ്രകാശൻ എന്ന പതിമൂന്നു വയസ്സുകാരൻ ഉണ്ടായിരുന്നില്ല. എന്നാൽ നാലുകെട്ടിലെ അപ്പുണ്ണിയിൽ ഏതൊക്കെയോ ഭാഗത്ത് എനിക്ക് എന്നെ കാണാൻ കഴിഞ്ഞു.
കുളക്കടവിൽ അമ്മിണിയേട്ടത്തിയോടൊത്തിരുന്ന് വർത്തമാനം പറഞ്ഞ അപ്പുണ്ണിക്ക് പകരം സ്വപ്നത്തിൽ അത് ഞാനായിരുന്നു. എൻ്റെ കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് എനിക്ക് പരിചയമില്ലാത്ത മുഖമായിരുന്നു. അവളുടെ ചിരിയിൽ നിലാവുണ്ടായിരുന്നു. മുടിയിൽ മുല്ലപ്പൂ ഗന്ധവും.
പതിനാലു വയസ്സിൻ്റെ ശാരീരികപ്രായമൊന്നും എൻ്റെ ഒമ്പതാം ക്ളാസിനില്ല. എട്ടാം ക്ളാസിലെ ട്രൗസർ ഒമ്പതാം ക്ളാസിലേക്കും കടന്നു. പെൺകുട്ടികൾ ഒറ്റയടിക്ക് മുതിരുന്നതും നല്ല വളർച്ചയുള്ള ആൺകുട്ടികൾക്ക് മീശ തെളിയുന്നതും കണ്ട് ഞാൻ അപകർഷം പൂണ്ടു. അവർ മുണ്ടുടുക്കുന്നത് കണ്ട് ഞാനും മുണ്ടുടുത്തു. ഉടുത്താൽ നിൽക്കാത്തതുകൊണ്ട് രണ്ടറ്റവും കൂട്ടിക്കെട്ടുമായിരുന്നു ആദ്യമൊക്കെ.
ആ നാളുകളിലാണ് അച്ഛൻ എൻ്റെ ആവശ്യപ്രകാരം എന്നെ ഏവൺലൈബ്രറിയിൽ ചേർക്കുന്നത്. ആദ്യം എടുത്തത് ഉറൂബിൻ്റെ സുന്ദരികളും സുന്ദരന്മാരും എന്ന നോവലായിരുന്നു. രണ്ടാമത് എം ടി യുടെ ഡാർ – എസ് – സലാം. ജീവിതത്തിൽ ആദ്യമായി വായിക്കുന്ന ചെറുകഥാ സമാഹാരം. അതിൽ നിന്നും നെഞ്ചിൽ കൊണ്ട ഒരു കഥയാണ് അജ്ഞാതൻ്റെ ഉയരാത്ത സ്മാരകം.
യൂ പീക്ളാസ് അനുഭവങ്ങളിൽ നിന്ന് തുടങ്ങി എസ് എസ് എൽ സി കഴിയുന്നതു വരെയുള്ള സ്കൂളോർമ്മകളിലൂടെ യാത്ര ചെയ്യുന്ന ഒരു യുവാവിൻ്റെ കഥ. വീട്ടിലെ ദാരിദ്ര്യം, പഠിക്കാനുള്ള ആഗ്രഹം, സുഹൃത്തുക്കളുടെ സഹായം – ഇതൊക്കെ മനസ്സിലാകുന്ന കൗമാരത്തിലെത്തിയിരുന്നു ഞാനും. കഥയിലെ യുവാവ് കുട്ടിയായിരുന്ന കാലത്ത് ആറാം ക്ളാസിൽ പഠിക്കുമ്പോൾ നൂറുറുപ്പിക കണ്ടത് ഓർക്കുന്നുണ്ട്. എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ സ്കൂളിലെ വൺ ഡേ ടൂറിന് അച്ഛൻ തന്ന അമ്പത് രൂപ എൻ്റെ ഓർമ്മയിലുമുണ്ട്. കുറേ പ്രായമായതിന് ശേഷം സ്കൂളിൽ പഠിക്കാനെത്തുന്ന ഒരു തിരുമേനിയുണ്ട് ആ കഥയിൽ. ചെറിയ കുട്ടികളെ അമ്പരപ്പിക്കുന്ന ആ നമ്പൂതിരിയുവാവ് പഠിപ്പിക്കുന്ന മാഷിന് പൈസ കടം കൊടുക്കുന്നു. വീട്ടിലെ പുസ്തകങ്ങൾ കൊണ്ടു വന്ന് നാട്ടിൽ ലൈബ്രറി തുടങ്ങുന്നു. സ്വന്തമായി ഒരു ലൈബ്രറി എന്ന ഒരു മോഹം എൻ്റെ മനസ്സിലുദിച്ചത് അന്നാണ്. ഉച്ചവരെയുള്ള കൂലിപ്പണിക്ക് കിട്ടിയ പൈസ കൊണ്ട് അച്ഛൻ ആഴ്ച തോറും പയ്യന്നൂരിൽ സാധനം വാങ്ങാൻ പോകും. വരുമ്പോൾ മുടങ്ങാതെ കൊണ്ടു വരും പൂമ്പാറ്റയോ അമർചിത്രകഥയും. അതൊക്കെ അട്ടി വച്ച് സൂക്ഷിക്കുന്ന ശീലമുണ്ടായിരുന്നു അന്നെനിക്ക്.
വീട്ടിലെ പ്രാരാബ്ധം – സ്കൂളിലേക്കുള്ള ദീർഘദൂര യാത്ര – അതെല്ലാം കൊണ്ട് നരൻ എന്ന ചങ്ങാതിയുടെ വീട്ടിലെ ചായ്പിലാണ് യുവാവിൻ്റെ താമസം. പത്താം ക്ളാസ് കാലത്ത് നരൻ്റെ അമ്മാവൻ്റെ മകൾ വസുന്ധര ടീ സി വാങ്ങി അവരുടെ സ്കൂളിലെത്തുന്നു. തിരുമേനിക്ക് അവളോട് പ്രേമം. നരന് അമർഷം. മുടിയിലൊരു മന്ദാരപ്പൂവും ചൂടി വരുന്ന സി.പി വസുന്ധരയോട് യുവാവിന് തോന്നിയത് പ്രേമം തന്നെയായിരുന്നോ? എന്നാൽ എനിക്ക് തോന്നിയത് അത് തന്നെയായിരുന്നു. ഞാൻ ആദ്യമായി പ്രണയിച്ച കഥാനായിക ഈ വസുന്ധരയാണ്.
മൂന്നാൾക്കും അവളോട് ഇഷ്ടം. എന്നാൽ അവൾ കൂടെ നടന്നത് തിരുമേനിയോടൊപ്പം മാത്രം! ഇതു പോലെ ഒമ്പതാം ക്ളാസിലെ സഹപാഠികളായ പ്രസന്നനും പ്രസാദിനുമൊപ്പം ഞാനും ഒരു പെണ്ണിനെ പ്രേമിക്കാൻ തുടങ്ങി. ആ കാര്യം അന്നും ഇന്നും ഞങ്ങൾക്ക് മൂന്നാൾക്കുമല്ലാതെ അവൾക്ക് പോലുമറിയില്ല. ആദ്യ പ്രണയത്തിൻ്റെ വസുന്ധരയെ സമ്മാനിച്ച കഥ ഒടുവിൽ വേദനിപ്പിച്ച് കളഞ്ഞു. വീട്ടിലാളുകൾ അമ്പലത്തിലുത്സവത്തിന് പോയ രാത്രി തനിച്ചായ വസുന്ധരയെ കടന്നാക്രമിച്ചത് നരനോ തിരുമേനിയോ എന്ന നാട്ടു പറച്ചിലിനിടയിൽ കടന്നു കളഞ്ഞ അജ്ഞാതനായ ആ പതിനേഴുകാരൻ!
ചെയ്തത് ക്രൂരമായ തെറ്റും നന്ദികേടും ചതിയും വഞ്ചനയുമൊക്കെയായിട്ടും അവനെ വെറുക്കാൻ കഴിയാത്തതെന്താണെന്ന് ഞാൻ ചിന്തിക്കാറുണ്ട്. പണം കൊടുത്ത് കൂടെ കൂട്ടിയ ഒരു പെണ്ണിനോട് “ഇല്ല, നിനക്കറിയില്ല” എന്ന് ഇടയ്ക്കിടെ പറഞ്ഞു കൊണ്ടാണ് യുവാവ് കഥ തുടരുന്നത്.
വായിക്കുമ്പോൾ, കഥ കേട്ടത് അവൾ മാത്രമല്ല – ഓരോ വായനക്കാരനുമാണ്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പന്ത്രണ്ട് വർഷം ഉറങ്ങിയ പൂക്കൾ എന്നിങ്ങനെ വേറെയും കുറേ കഥകൾ സമാഹാരത്തിലുണ്ടായിരുന്നു. എന്നാൽ വായനയിൽ ഒരു സ്മാരകമായി ഉയർന്നത് ഈ അജ്ഞാതൻ മാത്രം.
ഞാൻ അത്ഭുതപ്പെടുകയാണ് – ഒരിക്കലും അങ്ങനെയൊന്നും ആരെയും ചെയ്യാൻ ആലോചിക്കാൻ പോലും കഴിയാത്ത ഞാൻ എന്തു കാര്യത്തിന് വേണ്ടിയാണ് അവൻ്റെ കുറ്റബോധം ഏറ്റെടുത്തത്? അവൻ എന്തിനാണ് എൻ്റെയുള്ളിൽ കുറേക്കാലം നീറിപ്പുകഞ്ഞത്?
വായന അനുഭവമാകുന്ന മാസ്മരികതയുടെ ആദ്യ സന്ദർഭം. മറ്റുള്ളവരെ ഓർത്ത് മനസ്സിന് മുറിവേൽക്കുന്നത് എംടിയെ വായിക്കുമ്പോൾ കിട്ടിയ വേറിട്ട ഒരു അസ്വസ്ഥതയായിരുന്നു.
മനസ്സിൻ്റെ നിഗൂഢവും ഗഹനവുമായ സഞ്ചാരങ്ങൾക്ക് ഒരു നിമിത്തമായി എനിക്കാ കഥ.
സ്കൂൾ വഴികളുടെ, സ്കൂളിനടുത്ത പീടികയുടെ, അത്താഴത്തിന് വെക്കാനുള്ള അരിയെക്കുറിച്ച് അമ്മയ്ക്കുണ്ടായ വേവലാതിയുടെ, പല തവണ തോറ്റ് എന്നേക്കാൾ ഒരു പാട് പ്രായമായ സഹപാഠിയുടെ, കൂട്ടുകാരുടെ, കൂടെപ്പഠിച്ച കുറേ പെൺകുട്ടികളുടെ ….
അങ്ങനെ പല ചിത്രങ്ങൾ ഈ അജ്ഞാതനോടൊപ്പം മനസ്സിൽ വന്ന് നിരന്നു നിൽക്കുന്നു.
എനിക്കറിയാം അവനെ. കാരണം, ആ ദാരിദ്ര്യം, അപകർഷത, അന്തർമുഖത്വം ….. അതൊക്കെ ഏറിയതോ കുറഞ്ഞതോ ആയ അളവിൽ അന്നത്തെ ഈ ഒമ്പതാം ക്ളാസുകാരൻ്റേതുമായിരുന്നല്ലോ !
(തുടരും)
പ്രകാശൻ കരിവെള്ളൂർ