ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) ആദ്യമായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനൊരുങ്ങുന്നു. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഇസ്രോ വികസിപ്പിച്ച കമ്മ്യൂണിക്കേഷൻ സാറ്റ്ലെറ്റ് ജിസാറ്റ്-20 യുടെ വിക്ഷേപണം അടുത്തയാഴ്ച നടത്തുമെന്ന് ഇസ്രോ അറിയിച്ചു. ഇസ്രോയും സ്പേസ്എക്സും തമ്മിലുള്ള വാണിജ്യ സഹകരണങ്ങളിൽ ആദ്യത്തേതാണിത്.
ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായിക്കും. 4700 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ എല്‍വിഎം-3 യുടെ പരമാവധി വാഹന ശേഷിയേക്കാള്‍ കൂടുതലാണ്. 4000 കിലോഗ്രാം വരെ ഭാരമുള്ള പേലോഡാണ് എല്‍വിഎം3 റോക്കറ്റിന് വഹിക്കാനാകുന്നത്. പുനരുപയോഗിക്കാന്‍ കഴിയുന്ന ഫാല്‍ക്കണ്‍-9 റോക്കറ്റിന് ജിയോ സ്‌റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് ജിസാറ്റ്-20 യുടെ ഇരട്ടി ഭാരം വഹിച്ചുകൊണ്ടുപോവാന്‍ ശേഷിയുണ്ട്.
യുഎസിലെ കേപ് കാനവറലിൽ നിന്നാകും ഉപഗ്രഹത്തിന്റെ വിക്ഷേപണം. 14 വർഷമാകും ഇത് പ്രവർത്തിക്കുക. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് ( എൻഎസ്ഐഎൽ) ആണ് ഉപഗ്രഹം വികസിപ്പിച്ചത്. 32 ബീമുകളിൽ 48 ജിബിപിഎസ് കപ്പാസിറ്റി നൽകാൻ ഇതിന് സാധിക്കും. നഗര ഗ്രാമ വ്യത്യാസമില്ലാതെ, വിദൂര പ്രദേശങ്ങളിൽ പോലും കണക്റ്റിവിറ്റി നൽകാൻ ജിസാറ്റ്-20-ന് കഴിയുന്നു. 60-70 ദശലക്ഷം ഡോളറാണ് വിക്ഷേപണത്തിനുള്ള ചെലവായി കണക്കാക്കപ്പെടുന്നത്. ജമ്മു കശ്മീർ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ പോലും കണക്റ്റിവിറ്റി നൽകാൻ ജിസാറ്റ്-20ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും. 2018 -ല്‍ ആണ് ഇത് ആദ്യം വിക്ഷേപിക്കാനിരുന്നത് എന്നാല്‍ പിന്നീട് 2020 ലേക്ക് നീട്ടിവെച്ചു. പിന്നീട് അത് വീണ്ടും വൈകുകയായിരുന്നു. വിക്ഷേപണത്തിനൊപ്പം പുതുചരിത്രം കൂടിയാണ് ഇന്ത്യൻ ബഹിരാകാശ മേഖല കൈവരിക്കാനൊരുങ്ങുന്നത്.