ന്യൂഡൽഹി: രണ്ട് ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന ഐഎസ്ആർഒയുടെ നിർണായക ദൗത്യം സ്പേസ് ഡോക്കിങ് എക്സ്പെരിമെന്റ് എന്ന സ്പേഡെക്സ് (SpaDeX) വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് ഉപഗ്രഹങ്ങളുമായി പിഎസ്എൽവിസി- 60 വിജയകരമായി വിക്ഷേപിച്ചു. സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിനുള്ള ഇരട്ട ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ പിഎസ്എൽവിക്കായി. ജനുവരി ഏഴിനാണ് ഇരട്ട ഉപഗ്രഹങ്ങൾ ഒത്തുചേരുന്ന ഡോക്കിംഗ് നടക്കുക. ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നൽ കിട്ടി തുടങ്ങിയിട്ടുണ്ടെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇതു വിജയിക്കുന്നതോടെ ‘സ്പേസ് ഡോക്കിങ്’ സാങ്കേതികവിദ്യയുള്ള ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങളാണു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
ഭൂമിയിൽ നിന്ന് 470 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ഉപഗ്രഹങ്ങളെ എത്തിച്ചത്. ശേഷം ഇവതമ്മിലുള്ള അകലവും വെലോസിറ്റിയും ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവന്നശേഷമാണ് ഡോക്കിംഗ് നടക്കുക. അടുത്ത പത്തുദിവസങ്ങൾക്കുള്ളിലാണ് ഇത് സാധ്യമാക്കുക. ചേസര്‍ (എസ്ഡിഎക്സ് 01), ടാര്‍ഗറ്റ് (എസ്ഡിഎക്സ് 02) എന്ന രണ്ട് ഉപഗ്രഹങ്ങളും ഒന്നുചേർന്ന് പ്രവർത്തിച്ച ശേഷം ഇവയെ അൺഡോക്കിംഗ് പ്രക്രിയയിലൂടെ വേർപെടുത്തുകയും ചെയ്യും. തുടർന്ന് ഇവ ബഹിരാകാശത്ത് രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളായി പ്രവർത്തിക്കും.
പിഎസ്എൽവി റോക്കറ്റിൻ്റെ നാലാം ഘട്ടത്തെ ബഹിരാകാശത്ത് നിലനിർത്തി ചെറു പരീക്ഷണങ്ങൾ നടത്താൻ അവസരം നൽകുന്ന പിഒഇഎം പദ്ധതിയുടെ ഭാഗമായി 24 ചെറു പരീക്ഷണങ്ങളും ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. ബഹിരാകാശത്ത് നിന്ന് മാലിന്യങ്ങൾ പിടിച്ചെടുക്കാൻ കെൽപ്പുള്ള യന്ത്രക്കൈയും, ഭാവിയിൽ ബഹിരാകാശ നിലയത്തിൽ ഉപയോഗിക്കാൻ പദ്ധതിയിടുന്ന വാൾക്കിംഗ് റോബോട്ടിക് ആർമും, ബഹിരാകാശത്ത് വിത്ത് മുളപ്പിക്കുന്ന ക്രോപ്സ് പേ ലോഡും അതിൽ ചിലതാണ്.
സ്പെയ്ഡെക്സ് വിക്ഷേപണം ഇന്ന്; വിജയിച്ചാൽ ഇന്ത്യ ഡോക്കിംഗ് വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യം



