Thursday, July 31, 2025
Mantis Partners Sydney
Home » മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി
മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

by Editor

ഡോ. കെ എം ചെറിയാന്റെയും സംവിധായകൻ ഷാഫിയുടെയും വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

ഡോ. കെ എം ചെറിയാന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചനം

ആധുനിക ഹൃദയ ചികിത്സ മേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണ് ഡോക്ടർ കെ എം ചെറിയാന്റെ വേർപാട്. ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപ്പാസ് സർജറി നടത്തിയ ഡോ. കെ എം ചെറിയാൻ അതിൻ്റെ അമ്പതാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് ആകസ്മികമായി വിട പറഞ്ഞത്.

രാജ്യത്തെ ആദ്യത്തെ ഹാർട്ട് ലംഗ് ട്രാൻസ്പ്ലാൻറ്, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാൻ്റ്, ആദ്യത്തെ ലേസർ ഹാർട്ട്സർജറി എന്നിങ്ങനെ ഒട്ടേറെ റെക്കോർഡുകൾ അദ്ദേഹത്തിൻ്റേതായുണ്ട്.

82-ാം വയസ്സിലും ഊർജ്ജസ്വലനായി ആരോഗ്യ രംഗത്തും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും സജീവ ഇടപെടൽ നടത്തിയ ഡോ കെ. എം ചെറിയാൻ അനേകം ഹൃദയങ്ങളുടെ രക്ഷകനായിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ജനിച്ച് ലോകത്താകെ ആതുരസേവന മേഖലയിൽ മുദ്ര പതിപ്പിച്ചു. ഹൃദയ ചികിത്സാരംഗത്ത് പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിലും ഏറ്റവും സാധാരണക്കാർക്ക് വരെ വിദഗ്ധ ചികിത്സ പ്രാപ്യമാക്കുന്നതിനും നിരന്തരം ഇടപെട്ടു. ഈ രംഗത്ത് ശാസ്ത്രസാങ്കേതിക വിദ്യയുടെ ഭാഗമായുള്ള നവീന ചികിത്സാരീതികളുടെ ലോക നേട്ടങ്ങൾക്കൊപ്പം നടന്ന അദ്ദേഹം അവയെല്ലാം പ്രാപ്യമാവുന്ന സ്ഥാപനങ്ങൾ യാഥാർത്ഥ്യമാക്കാൻ മുൻകൈയെടുത്തു. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഹൃദയ ശസ്ത്രക്രിയാ വൈദഗ്ധ്യം പഠിപ്പിക്കാൻ നിരന്തരം സഞ്ചരിച്ച ഡോ. കെ.എം ചെറിയാന് നിരവധി ശിഷ്യഗണങ്ങൾ ഉണ്ട്.

നവ കേരള സൃഷ്ടിക്കുള്ള സർക്കാരിൻ്റെ ഉദ്യമങ്ങളിൽ ഹൃദയാത്മനാ പങ്കാളിയായിരുന്നു അദ്ദേഹം. എല്ലാ തിരക്കുകളും മാറ്റിവെച്ച് നവകേരള സദസ്സിന് ഉൾപ്പെടെ ചർച്ചാ വേദികളിൽ എത്തുകയും തന്റെ വിലയേറിയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു.

കേരളം ലോകത്തിന് സംഭാവന നൽകിയ ആ ഭിഷഗ്വര പ്രതിഭയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ബന്ധുക്കളുടെയും അദ്ദേഹം ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ അനേകം മനുഷ്യരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

സംവിധായകൻ ഷാഫിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചനം

മലയാളി പ്രേക്ഷകന്റെ ഹൃദയത്തിൽ ഇടം നേടിയ അനേകം ജനപ്രിയ സിനിമകളുടെ സംവിധായകനെയാണ് ഷാഫിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. സഹ സംവിധായകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിങ്ങനെ ചലച്ചിത്രത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഷാഫി വിട പറഞ്ഞത്.

പ്രയത്നശാലിയായ ചലച്ചിത്രകാരനായിരുന്നു ഷാഫി. പ്രേക്ഷക മനസ്സ് വായിച്ചു കൊണ്ടാണ് കഥാപാത്രങ്ങളെയും കഥാവസരങ്ങളെയും അദ്ദേഹം രൂപപ്പെടുത്തിയത്. ഷാഫി സിനിമകൾ സംഭാവന ചെയ്ത ഹാസ്യ കഥാപാത്രങ്ങൾ പലതും തലമുറകൾ കൈമാറി ഏറ്റെടുക്കപ്പെട്ടു. നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് സമൃദ്ധമായ ആ സിനിമകൾ മലയാളത്തിൻ്റെ അതിർത്തി വിട്ടും സ്വീകാര്യത നേടി.

ആ യുവ പ്രതിഭയുടെ അകാലത്തിലുള്ള വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും ഷാഫിയെ സ്നേഹിക്കുന്നവരുടെ ആകെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Send your news and Advertisements

You may also like

error: Content is protected !!