Thursday, July 31, 2025
Mantis Partners Sydney
Home » മലയാള ചൊല്ലുകളും ശൈലികളും 
മലയാള ചൊല്ലുകളും ശൈലികളും 

മലയാള ചൊല്ലുകളും ശൈലികളും 

by Editor

പൊങ്ങച്ചം പറയുന്നതിലും കാണിക്കുന്നതിലും കാല, ദേശ, വർണ്ണ, വർഗ, ജാതി, മത, ലിംഗ, പ്രായ, വ്യത്യാസമില്ലെന്നു നമുക്കറിയാമല്ലോ. “ഇരിപ്പിടം നന്നായെ പടിപ്പുര കെട്ടാവു” എന്നതിനു വിപരീതമായി പടിപ്പുര ആദ്യം കെട്ടി പൊങ്ങച്ചം കാണിക്കുന്ന വീട്ടുകാരെ നമുക്കു പരിചയം കാണും. “അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്കു കുട പിടിക്കും”, “കുന്നലക്കോനാതിരിയുടെ പദവിയും കൂനൻ വറീതിന്റെ പൊറുതിയും”, എന്നിവ വ്യക്തികളുടെ പൊങ്ങച്ചതിനും ചൂണ്ടുപലകകൾ ആണല്ലോ.

അടുത്ത തലമുറക്കായി ജീവിക്കുകയും കരുതുകയും ചെയ്യുന്നവരിൽ മുൻപന്തിയിൽ ആണ് മലയാളികൾ. “കൂട്ടത്തിൽ കുത്തരുത്”, “കൂട്ടത്തിൽ കുത്തിയാൽ കുലം വാടും” എന്നുള്ള ചിന്തകൾ അവർക്കു തുണയാകട്ടെ.

അലങ്കാരങ്ങൾ നല്ലതു തന്നെ. പക്ഷേ, അതു “കുരുവിയുടെ കഴുത്തിൽ തേങ്ങ കെട്ടിത്തൂക്കുക” എന്ന പ്രയോഗം പോലെ ആകരുത്. ഓരോന്നിനും അനുയോജ്യം ആയതുപോലെ ചെയ്യണം.

“കുരയ്ക്കും പട്ടി കടിക്കയില്ല” എന്നു പറയാമെങ്കിലും അതിന്റെ വായിൽ കോലിട്ടു കുത്തിയാൽ കടിച്ചെന്നിരിക്കും.

മറവി മാനുഷികമാണ്. അതു പലരിലും ഏറിയും കുറഞ്ഞും ഇരിക്കും. “കുരണ്ടിമേൽ ഇരുന്നു കുരണ്ടി തപ്പുന്നവരെ” നമ്മൾ കണ്ടിരിക്കും. “ചോരയും ചോറും മറക്കുക” നന്ദികേടിന്റെ പര്യായം തന്നെ. ഇന്നത്തെ രാഷ്ട്രീയക്കാരിൽ അധികവും “കടു ചോരുന്നത് കാണും, ആന ചോരുന്നത് കാണില്ല” “തന്റെ കണ്ണിൽ കോലിരിക്കുമ്പോൾ അന്യന്റെ കണ്ണിലെ കരടു കാണും” എന്നുള്ളവരുടെ എണ്ണം കൂടിക്കൂടി വരുകയാണല്ലോ.

“നാവ് ഒരു തീ തന്നെ”, “ജീവിക്കു നാവുതൻ കാലൻ”,”കൈവിട്ട കല്ലും വാവിട്ട വാക്കും” ഒരുപോലെ ഉപദ്രവം ചെയ്യും എന്നതൊക്കെ മനസ്സിലാക്കുമ്പോൾ “നാവിനെ വെന്നാൽ ഉലകം ജയിക്കാം” എന്നതു എത്രയോ ശരി.

ജന്മനാ കിട്ടുന്ന നല്ലതും തീയതുമായ സ്വഭാവങ്ങൾ മായിച്ചുകളയാൻ ശ്രമിച്ചാൽ പറ്റുമോ. “ജ്യാത്യാ ഉള്ളതു തൂത്താൽ പോക” എന്നല്ലേ ചൊല്ല്. “താങ്ങാൻ ആളുണ്ടെങ്കിൽ തളർച്ചയുമുണ്ട്”. കുടുംബങ്ങളിൽ സാധാരണ കാണുന്ന ഒരു സംഭവം. “നാക്കുണ്ടെങ്കിൽ നാട്ടിൽ പാതി”, “നാക്കുണ്ടെങ്കിൽ തൂക്കുകയില്ല” എന്നിവയെല്ലാം നമുക്കു സുപരിചിതങ്ങൾ ആണല്ലോ.

വിവാഹം കഴിഞ്ഞു വീട്ടിലെത്തുന്ന പുതുപ്പെണ്ണിന്റെ മുറ്റമടി കണ്ടു വീട്ടുകാർ പറയും “പുത്തനച്ചി പുരപ്പുറം തൂക്കും” എന്ന്. ജീവിതനേട്ടം കിട്ടുന്ന ബന്ധങ്ങൾ തരപ്പെടുത്തുന്നവർ “പുളിക്കൊമ്പിൽ പിടിക്കുക” എന്നതു അന്വർത്ഥമാക്കും.

“ദാനം കിട്ടിയ പശുവിന്റെ പല്ലു നോക്കരുത്” എന്നു പറയുമ്പോൾ ദാനമായി കിട്ടുന്നതിൽ കുറ്റം കണ്ടെത്തി പറയരുതേ എന്നല്ലേ അതിന്റെ അർത്ഥം.

“താലിക്കു ഭംഗം വന്നാൽ ആധിക്കു പാത്രം” എന്നതു നവ വധൂവരൻമാർ ഓർക്കുന്നത് നന്ന്. “ദരിദ്രനെ ദാരിദ്ര്യ ദുഃഖം അറിയൂ” എന്ന ചൊല്ല് അറിയാത്തവർ ഉണ്ടാകില്ല.

വീട്ടിലെ മൂത്ത കുട്ടിയെ നോക്കി കാരണവർ പറയും “മൂത്തതു നന്നെങ്കിൽ മൂന്നും നന്ന്” അതുകൊണ്ട് നീ നന്നായി ജീവിക്കണം എന്ന്.

ഒരേ കാര്യം ഒന്നിലധികം ചേർന്നു ചെയ്താൽ എന്താകും സ്ഥിതി. “മൂവർ കൂടിയാൽ മുറ്റം അടിക്കാ” “മൂവർ കൂടിയാൽ പാമ്പും ചാകാ”, “പട്ടിയൊട്ടു തിന്നുകയുമില്ല, പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല”. അതല്ലേ ശരി.

തുടരും…….

എ വി ആലയ്ക്കപറമ്പിൽ

മലയാള ചൊല്ലുകളും ശൈലികളും

Send your news and Advertisements

You may also like

error: Content is protected !!