Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » മലങ്കര സഭ കേസ്: കോടതിയലക്ഷ്യ ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ ഹൈകോടതിക്ക് നിർദേശം.
മലങ്കരസഭാ കേസ്

മലങ്കര സഭ കേസ്: കോടതിയലക്ഷ്യ ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ ഹൈകോടതിക്ക് നിർദേശം.

സുപ്രീംകോടതി നിലപാടിനെ സ്വാ​ഗതം ചെയ്തു ഓർത്തഡോക്സ് സഭ

by Editor
Send your news and Advertisements

ദില്ലി: മലങ്കര സഭയിലെ ഓർത്തോഡോക്സ് യാക്കോബായ തർക്കത്തിൽ കോടതിയലക്ഷ്യ ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ ഹൈകോടതിക്ക് സുപ്രീം കോടതി നിർദേശം. ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് മരവിപ്പിച്ച സുപ്രീം കോടതി, ഹർജികൾ വീണ്ടും ഹൈക്കോടതിയുടെ പരിഗണനക്ക് വിട്ടു. ഉത്തരവ് നടപ്പാക്കാനുള്ള പ്രയോഗിക വഴികൾ ഹൈക്കോടതി കണ്ടെത്തണം. പള്ളികൾ ഏറ്റെടുക്കേണ്ടത് ആരാണെന്നു ഹൈകോടതി തീരുമാനിക്കട്ടെയെന്നും അതിനു ആവശ്യമായ ഉത്തരവ് കോടതിക്ക് പുറപ്പെടുവിക്കാമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. 2017 സുപ്രീം കോടതി വിധി നടപ്പാക്കണം എന്ന് പറഞ്ഞ കോടതി മതപരമായ വിഷയത്തിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നടപടികൾ പൊതുതാൽപര്യത്തിന് നിരക്കുന്നതാണോ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിശോധിക്കണമെന്നും വ്യക്തമാക്കി.

യാക്കോബായ വിഭാഗത്തിന്റെ കൈവശം ഉള്ള 6 പള്ളികൾ ഏറ്റെടുത്തു വിധി നടപ്പാക്കണം എന്ന ഉത്തരവ് നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ളവർക്കെതിരെ ഹൈകോടതി സിംഗിൾ ബെഞ്ച് തുടങ്ങിവെച്ച കോടതിയലക്ഷ്യ നടപടികൾ ചോദ്യം ചെയ്തു യാക്കോബായ വിഭാഗവും കേരള സർക്കാരും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എറണാകുളം ജില്ലയിൽ മഴുവന്നൂർ സെന്റ് തോമസ്, ഓടക്കാലി സെന്റ് മേരീസ്, പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ പള്ളികളും, പാലക്കാട് ജില്ലയിൽ ചെറുകുന്നം സെന്റ് തോമസ്, മംഗലം ഡാം സെന്റ് മേരീസ്, എരിക്കുംചിറ സെന്റ് മേരീസ് പള്ളികളുമാണ് കോടതി വിധിപ്രകാരം ഓർത്തഡോക്സ്‌ സഭയ്ക്ക് കൈമാറേണ്ടത്. നിലവിൽ സിംഗിൾ ബെഞ്ച് പരിഗണിച്ചിരുന്ന 6 പള്ളികളുടെ കേസ് ഇനി ഡിവിഷൻ ബെഞ്ച് പരിഗണിക്കണം. പള്ളി തർക്കത്തിൽ 2017 സുപ്രീം കോടതി ഉത്തരവ് അന്തിമമാണ്. എന്നാൽ ഈ പള്ളികൾ ഏറ്റെടുത്തു നടപ്പാക്കേണ്ടത് എങ്ങനെ വേണം എന്ന് ഇനി ഹൈ കോടതി ഡിവിഷൻ ബെഞ്ച് തീരുമാനിക്കണം. ഉത്തരവ് നടപ്പാക്കാനുള്ള പ്രായോഗിക വഴികൾ ഹൈകോടതി തേടണം. ഇരു വിഭാഗത്തിലെയും ആളുകളുടെ എണ്ണം സർക്കാർ മുദ്ര വെച്ച കവറിൽ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു എങ്കിലും കോടതി അത് പരിഗണിച്ചില്ല.

കണക്കെടുപ്പ് അപ്രസക്തമെന്ന സുപ്രീംകോടതി നിലപാടിനെ സ്വാ​ഗതം ചെയ്യുന്നു: ഓർത്തഡോക്സ് സഭ

മലങ്കരസഭാക്കേസിൽ കണക്കെടുപ്പിന് പ്രസക്തിയില്ലെന്ന സുപ്രീം കോടതി നിലപാടിനെ സ്വാ​ഗതം ചെയ്യുന്നു. ഇരുവിഭാ​ഗങ്ങളുടെയും അം​​ഗസംഖ്യ എടുക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ കണക്ക് പൂർണമാകില്ലെന്നും സത്യസന്ധമായി വിവരങ്ങൾ പുറത്തുവരില്ലെന്നുമായിരിന്നു ഓർത്തഡോക്സ് സഭയുടെ നിലപാട്. സർക്കാർ എടുത്ത കണക്ക് കേസിൽ പ്രസക്തമല്ലെന്ന് ഇന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതിനാൽ കണക്കുകൾ തിരികെ നൽകിയത് സ്വാഗതാർഹമാണെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് പ്രതികരിച്ചു. എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികളുടെ കേസ് ഹൈക്കോടതി പരി​ഗണിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പ്രായോ​ഗികമായി എങ്ങനെ വിധിനടപ്പാക്കാമെന്നത് ഹൈക്കോടതി പരിശോധിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിലവിൽ വിധി നടത്തിപ്പ് പൂർത്തിയായ പള്ളികളിൽ സമാധാനം കൈവന്നിട്ടുണ്ടെന്ന് മലങ്കരസഭ സുപ്രീംകോടതിയെ അറിയിച്ചു. ഈ പള്ളികളിലൊന്നും നിലവിൽ പ്രശ്നങ്ങളില്ലെന്നും കോടതിയെ ബോധിപ്പിച്ചു. മലങ്കരസഭയുടെ പള്ളികൾ 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന മുൻ ഉത്തരവുകൾ സീനിയർ അഭിഭാഷകൻ കെ കെ വേണു​ഗോപാൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

You may also like

error: Content is protected !!