Friday, October 17, 2025
Mantis Partners Sydney
Home » നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.

by Editor

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിൻ്റെ മകൻ ആര്യാടൻ ഷൗക്കത്ത് ആണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി.എസ് ജോയിയുടെ പേരും പരിഗണിച്ചിരുന്നെങ്കിലും അവസാനം കെപിസിസി നേതൃത്വം ഷൗക്കത്തിൻ്റെ പേര് മാത്രമാണ് എഐസിസിക്ക് നൽകിയത്‌. ഹൈക്കമാൻഡ് ഇത് അംഗീകരിക്കുകയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

മണ്ഡലത്തിൽ ഇത് രണ്ടാം തവണയാണ് ഷൗക്കത്ത് ജനവിധി തേടുന്നത്. 2016 ൽ പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ സിറ്റിങ് സീറ്റിൽ തൻ്റെ കന്നിയങ്കത്തിൽ പി.വി അൻവറിനോട് മത്സരിച്ച് ഷൗക്കത്ത് പരാജയപ്പെട്ടിരുന്നു. കുത്തക മണ്ഡലം കൈവിട്ടത് കോൺഗ്രസ് ക്യാമ്പിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. തന്നിലൂടെ നഷ്‌ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് കോൺഗ്രസ് നേതൃത്വം ഷൗക്കത്തിനെ ഏൽപ്പിച്ചിരിക്കുന്നത്. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ആര്യടന്‍ ഷൗക്കത്ത് രാഷ്ട്രീയത്തിനൊപ്പം സിനിമ, സാംസ്‌കാരിക രംഗങ്ങളിലും തന്റേതായ ഇടം കണ്ടെത്തി. നിലമ്പൂര്‍ നഗരസഭയായി മാറിയപ്പോള്‍ പ്രഥമ ചെയര്‍മാനുമായിരുന്നു അദ്ദേഹം.

സിനിമാരംഗത്തും കഴിവ് തെളിയിച്ചു. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ സിനിമകള്‍ക്ക് സംസ്ഥാന, ദേശീയ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. കെപിസിസിയുടെ സാംസ്‌കാരിക വിഭാഗമായ സംസ്‌കാരസാഹിതി സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. നിലമ്പൂരിന്റെ മുക്കുംമൂലയും അറിയാം എന്നത് തന്നെയാണ് ഷൗക്കത്തിനെ പരിഗണിക്കാനുള്ള പ്രധാന ഘടകം. പതിനാലാം വയസില്‍ നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ കെഎസ്യുവിന്റെ സ്‌കൂള്‍ ലിഡറായി തിരഞ്ഞെടുത്തതോടെയാണ് ഷൗക്കത്തിന്റെ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സജീവം. സിപിഐഎം സിറ്റിംഗ് സീറ്റില്‍ അട്ടിമറി വിജയം നേടിയാണ് ഷൗക്കത്ത് 2005-ല്‍ നിലമ്പൂര്‍ പഞ്ചായത്ത് അംഗവും തുടര്‍ന്ന് പ്രസിഡന്റുമായത്.

സിറ്റിങ് എംഎൽഎ പി.വി അൻവർ ഇടത് മുന്നണിയുമായി തെറ്റി എംഎൽഎ സ്ഥാനം രാജി വെച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പിന്നീട് യുഡിഎഫുമായി അടുത്ത അൻവർ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വച്ച ആദ്യ ആവശ്യം ഷൗക്കത്തിനെ സ്ഥാനാർഥിയാക്കരുതെന്നും വി.എസ് ജോയിയെ മത്സരിപ്പിക്കണമെന്നുമായിരുന്നു. അതേസമയം അൻവറിൻ്റെ ആവശ്യത്തിന് വഴങ്ങാതെയാണ് ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കൾ വി.എസ് ജോയിയുമായി സംസാരിച്ചു. പാർട്ടി സ്ഥാനാർഥിക്ക് പൂർണ പിന്തുണ നൽകുമെന്ന് ജോയ് ഉറപ്പ് നൽകി.

എന്നാൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയാൽ അംഗീകരിക്കില്ലെന്നാണ് പി.വി അൻവർ വ്യക്തമാക്കിയിരിക്കുന്നത്. നിലമ്പൂർ മണ്ഡലത്തിൽ കാര്യമായ സ്വാധീനമുള്ള അൻവറിൻ്റെ തുടർ നീക്കങ്ങൾ യുഡിഎഫിനും എൽഡിഎഫിനും നിർണായകമാണ്.

Send your news and Advertisements

You may also like

error: Content is protected !!