കൊച്ചി വൈറ്റിലയില്‍ സൈനികർക്കായി നിര്‍മ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി വിധിച്ചു. ബി, സി ടവറുകളാണ് പൊളിച്ച് പുതിയത് പണിയേണ്ടത്. ഇവിടെ താമസിക്കുന്നവരെ ഒഴിപ്പിക്കണമെന്നും ടവറുകള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. ഫ്ലാറ്റുകള്‍ സുരക്ഷിതമല്ലെന്ന പരാതി മുന്‍നിര്‍ത്തിയാണ് കോടതി ഈ നടപടി നിര്‍ദേശിച്ചത്.
ചന്ദർ കുഞ്ച് എന്നാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ പേര്. മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018-ല്‍ ഫ്ലാറ്റ് നിർമ്മിച്ചത്. ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ രണ്ട് ടവറുകളില്‍ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ടവറുകള്‍ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെല്‍ഫെയർ ഹൗസിംഗ് ഓർഗനൈസേഷന് കോടതി നിർദ്ദേശം നല്‍കി. ഫ്ലാറ്റുകള്‍ പൊളിച്ച് നല്‍ക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്ലാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതുതായി നിർമ്മിക്കുന്ന ഫ്ലാറ്റുകള്‍ക്ക് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
വൈറ്റിലേക്ക് അടുത്ത് സില്‍വർ സാൻഡ് ഐലൻഡിലാണ് ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഉള്ളത്. മൂന്ന് ടവറുകള്‍ ആയി 264 ഫ്ലാറ്റുകളാണ് സ്ഥലത്തുള്ളത്. ഫ്ലാറ്റുകളുടെ താമസക്കാർക്ക് പ്രതിമാസ വാടക നല്‍കണമെന്നും പുതിയ ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തിയാകും വരെ അത് തുടരണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 21000 മുതല്‍ 23000വരെ രൂപ മാസ വാടക ഇനത്തില്‍ നല്‍കണമെന്നാണ് നിര്‍ദേശം.