Thursday, July 31, 2025
Mantis Partners Sydney
Home » ഐപിഎ‌ൽ താരലേലത്തില്‍ സര്‍പ്രൈസായി മലയാളി താരം വിഘ്നേഷ് പുത്തൂര്‍
ഐപിഎ‌ൽ താരലേലത്തില്‍ സര്‍പ്രൈസായി മലയാളി താരം വിഘ്നേഷ് പുത്തൂര്‍

ഐപിഎ‌ൽ താരലേലത്തില്‍ സര്‍പ്രൈസായി മലയാളി താരം വിഘ്നേഷ് പുത്തൂര്‍

ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ബീഹാർ ബാറ്റിംഗ് താരം വൈഭവ് സൂര്യവൻഷി

by Editor

മലപ്പുറം: ഐപിഎ‌ൽ താരലേലത്തില്‍ സര്‍പ്രൈസായി മലയാളി താരം വിഘ്നേഷ് പുത്തൂര്‍. ഐപിഎൽ താരലേലത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസിൽ കളിക്കാൻ ഒരുങ്ങുകയാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് പുത്തൂർ. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാതാര ലേലത്തിന്‍റെ രണ്ടാം ദിനം അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷിനെ മുബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ലേലത്തിനുമുൻപ് വിഘ്‌നേഷിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് വിളിച്ചിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിനൊപ്പം കൂട്ടുകയായിരുന്നു. കേരളത്തിന്റെ സീനിയര്‍ ടീമിന് വേണ്ടി ഇതുവരെ കളിച്ചിട്ടില്ലാത്ത വിഗ്നേഷ് ഈ വര്‍ഷം നടന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്നു. കെസിഎല്ലിലെ മിന്നും പ്രകടനമാണ് മുംബെെയുടെ സ്‌കൗട്ടിങ് ടീം വിഗ്നേഷിനെ നോട്ടമിടാന്‍ കാരണം. കേരളത്തിനായി അണ്ടര്‍ 14, 19, 23 ടീമുകളിൽ കളിച്ചു. കേരളത്തിന്‍റെ സീനിയർ ടീമിൽ ഇടം നേടണമെന്ന മോഹത്തിനിടയിലാണ് ഐപിഎല്ലിലേക്കുള്ള അപ്രതീക്ഷിത എൻട്രി. പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്‍റെയും വീട്ടമ്മയായ കെ.പി ബിന്ദുവിന്‍റെയും മകനാണ് വിഘ്നേഷ്.

മലയാളി താരങ്ങളായ വിഷ്ണു വിനോദ് 95 ലക്ഷത്തിന് പഞ്ചാബ് കിങ്സിലും സച്ചിന്‍ ബേബി 30 ലക്ഷത്തിന് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലും ഇടംനേടി. കേരളത്തില്‍ നിന്നുള്ള 12 താരങ്ങള്‍ ലേലലിസ്റ്റില്‍ ഇടംപിടിച്ചിരുന്നെങ്കിലും ഐപിഎല്‍ കരാര്‍ ലഭിച്ചത് മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ്.

ഐപിഎൽ ലേലത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ബീഹാർ ബാറ്റിംഗ് താരം വൈഭവ് സൂര്യവൻഷി രാജസ്ഥാൻ റോയൽസ് ടീമിൽ എത്തി. ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ ലേലത്തിനൊടുവിൽ പതിമൂന്നുകാരനായ വൈഭവ് സൂര്യവംശിയെ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎൽ ടീമിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയും വൈഭവ് സൂര്യവംശി ആയി. 2011 മാർച്ച് 27-നാണ് വൈഭവ് ജനിച്ചത്. 1986 -നു ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും വൈഭവിന്റെ പേരിലാണ്.

2025-ലെ ഐ.പി.എല്‍. സീസണിലേക്കുള്ള മെഗാതാരലേലം സൗദി അറേബ്യയിലെ ജിദ്ദയില്‍ അവസാനിച്ചപ്പോള്‍ ഓരോ ടീം മാനേജ്‌മെന്റും താരങ്ങള്‍ക്കായി വാരിയെറിഞ്ഞത് കോടികളാണ്. 27 കോടിക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കിയ ഋഷഭ് പന്ത് ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി. ശ്രേയസ് അയ്യര്‍ക്കായി പഞ്ചാബ് കിങ്സ് 26.75 കോടി രൂപയും വെങ്കടേഷ് അയ്യര്‍ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 23.75 കോടിയും ചെലവാക്കി. കിങ്‌സ് ഇലവന്‍ പഞ്ചാബ് 18 കോടി വീതം മുടക്കി അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരെ എത്തിച്ചപ്പോള്‍ 15.75 കോടി നേടിയ ജോസ് ബട്ലര്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ബാറ്റ് വീശും. 14 കോടിക്ക് കെ.എല്‍. രാഹുലിനെ ഡല്‍ഹി ക്യാപിറ്റല്‍സും 12.5 കോടി വീതം നല്‍കി ജോഫ്ര ആര്‍ച്ചറിനെ രാജസ്ഥാന്‍ റോയല്‍സും, ജോഷ് ഹേസല്‍വുഡിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുഹമ്മദ് സിറാജിനെ ഗുജറാത്ത് ടൈറ്റന്‍സും സ്വന്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!