Sunday, August 31, 2025
Mantis Partners Sydney
Home » ഇസ്രയേൽ ആക്രമണത്തില്‍ രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍കൂടി കൊല്ലപ്പെട്ടതായി ഇറാൻ; ഇസ്രയേലിനു എതിരെ ഇറാന്റെ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 3’
ഇസ്രയേൽ ആക്രമണത്തില്‍ രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍കൂടി കൊല്ലപ്പെട്ടതായി ഇറാൻ; ഇസ്രയേലിനു എതിരെ ഇറാന്റെ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 3’

ഇസ്രയേൽ ആക്രമണത്തില്‍ രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍കൂടി കൊല്ലപ്പെട്ടതായി ഇറാൻ; ഇസ്രയേലിനു എതിരെ ഇറാന്റെ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 3’

by Editor

ടെഹ്‌റാന്‍: ഇസ്രയേൽ ആക്രമണത്തില്‍ രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍കൂടി കൊല്ലപ്പെട്ടതായി ഇറാന്റെ സ്ഥിരീകരണം. സായുധസേന ജനറല്‍ സ്റ്റാഫിന്റെ ഇന്റലിജന്‍സ് ഡെപ്യൂട്ടി മേധാവി ജനറല്‍ ഘോലംറേസ മെഹ്റാബിയും ഓപ്പറേഷന്‍സ് ഡെപ്യൂട്ടി മേധാവി ജനറല്‍ മെഹ്ദി റബ്ബാനിയും കൊല്ലപ്പെട്ടെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫോര്‍ഡോ ആണവ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായതായും ഇറാന്‍ സ്ഥിരീകരിച്ചു. ഇറാന്റെ ആണവപദ്ധതിയുടെ ബുദ്ധികേന്ദ്രവും ഇറാൻ റെവലൂഷണറി ഗാർഡ് കോറിന്റെ തലവനുമായ ജനറൽ ഹൊസ്സൈൻ സലാമി, സംയുക്ത സൈനികമേധാവി മേജർ ജനറൽ മുഹമ്മദ് ബഘാരി, മുൻ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി എന്നിവരും ആണവോർജ ഏജൻസിയുടെ മുൻ തലവൻ മുഹമ്മദ് മഹ്‌ദി ടെഹ്രാഞ്ചി അടക്കമുള്ള ആറോളം ആണവശാസ്ത്രജ്ഞരും കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇറാനെ ആക്രമിച്ചിട്ട് ‌ രക്ഷപ്പെടാമെന്ന് ഇസ്രയേൽ കരുതുന്നുണ്ടെങ്കിൽ അത് വെറും വ്യാമോഹമായിരിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് ഖമനയി പറഞ്ഞു. തുടർന്ന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. കെട്ടിടങ്ങൾ തകർന്നു. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 3’ എന്ന പേരിലാണ് ഇറാന്റെ ആക്രമണം. സൈനിക താവളങ്ങളും വ്യോമതാവളങ്ങളും അടക്കം നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്‌ലാമിക് റവല്യൂഷനറി ഗാർ‍ഡ്‌സ് കോർ (ഐആർജിസി) പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേലിന്റെ രണ്ട് എഫ്–35 വിമാനങ്ങൾ വെടിവച്ചിട്ടതായി ഇറാൻ സൈന്യം അവകാശപ്പെട്ടു എന്നാൽ ഇസ്രയേൽ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉള്‍പ്പെടെ ഇറാന്‍ ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നിരവധി തന്ത്രപ്രധാന സൈനിക താവളങ്ങള്‍ ഉള്‍പ്പടെ 150 -ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് III എന്ന പേരിലാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്.

ഇറാന്‍ മിസൈല്‍ വിക്ഷേപണം തുടര്‍ന്നാല്‍ “തെഹ്‌റാൻ കത്തിയെരിയുമെന്ന്” ഇസ്രായേല്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കി. സൈനിക മേധാവിയുമായുള്ള ഒരു വിലയിരുത്തല്‍ യോഗത്തിന് ശേഷം സംസാരിച്ച പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്, ഇസ്രയേല്‍ പൗരന്മാരെ ദ്രോഹിച്ചതിന് ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!