Monday, March 23, 2026
Home » അമേരിക്കയിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ വെടിയേറ്റ് കൊല്ലപ്പെട്ടു
അമേരിക്കയിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ വെടിയേറ്റ് കൊല്ലപ്പെട്ടു

അമേരിക്കയിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ വെടിയേറ്റ് കൊല്ലപ്പെട്ടു

by Editor
Send your news and Advertisements

വാഷിങ്ടൺ ഡിസി: അമേരിക്കയിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ വെടിയേറ്റ് കൊല്ലപ്പെട്ടു. വാഷിങ്ടൺ ഡിസിയിലെ ജൂത മ്യൂസിയത്തിൽ നടന്ന വെടിവെപ്പിലാണ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. അക്രമി ഏലിയാസ് റോഡ്രിഗസ് എന്ന 30-കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കസ്റ്റഡിയിലെടുക്കുമ്പോൾ പ്രതി “പാലസ്തീനിനെ സ്വതന്ത്രമാക്കൂ” എന്ന് ആക്രോശിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

യാറോൺ ലിസ്ചിൻസ്കി (30), സാറാ ലിൻ മിൽഗ്രം (26) എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരുടെ വിവാഹനിശ്ചയം അടുത്തയാഴ്ച ജറുസലമിൽ നടത്താനിരുന്നതാണെന്ന് ഇസ്രയേൽ അംബാസഡർ യഖിയേൽ ലയ്റ്റർ പറഞ്ഞു. ഇസ്രയേൽ–പലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ട് ലിസ്ചിൻസ്കിയും സാറയും പ്രവർത്തിച്ചിരുന്നതായും അധികൃതർ അറിയിച്ചു. എംബസിയിലെ ജോലിക്കിടെയാണ് ഇരുവരും പ്രണയത്തിലായത്.

നോർത്ത് വെസ്റ്റ് ഡിസിയിലുള്ള എഫ്ബിഐയുടെ വാഷിങ്‌ടൺ ഫീൽഡ് ഓഫീസിന് തൊട്ടടുത്തായിരുന്നു വെടിവെപ്പ് നടന്നത്. അമേരിക്കൻ ജൂത കമ്മിറ്റി (എജെസി) സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ടുകൾ. യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയുടെ ആക്ടിംഗ് യുഎസ് അറ്റോർണി ജീനിൻ പിറോയും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. 2023-ലാണ് ആക്രമണം നടന്ന ക്യാപിറ്റൽ ജൂത മ്യൂസിയം സ്ഥാപിതമായത്.

സംഭവത്തിൽ സജീവമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഫെഡറൽ അധികാരികളും പ്രാദേശിക പൊലീസും ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം വ്യക്തമാക്കി. ആക്രമണത്തിൽ അപലപിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. “ജൂതവിരുദ്ധതയെ അടിസ്ഥാനമാക്കിയുള്ള ഈ ഭയാനകമായ കൊലപാതകങ്ങൾ ഉടൻ അവസാനിപ്പിക്കണം. വിദ്വേഷത്തിനും തീവ്രവാദത്തിനും യുഎസിൽ സ്ഥാനമില്ല. ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം. ഇതുപോലുള്ള സംഭവങ്ങളിൽ അതീവ ദുഖമുണ്ട്. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!”- സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.

എംബസി ജീവനക്കാരെ കൊലപ്പെടുത്തിയ സംഭവത്തെ ഇന്ത്യ അപലപിച്ചു.

You may also like

error: Content is protected !!