മോസ്‌കോ: യുക്രൈന്‍ യുദ്ധത്തിന് മൂന്നുദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. മേയ് എട്ടാം തീയതി മുതല്‍ പത്താം തീയതി വരെയുള്ള ദിവസങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിൽ റഷ്യയുടെ വിജയത്തിന്റെ എൺപതാം വാർഷികാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ ദിവസങ്ങളിൽ എല്ലാ തരത്തിലുള്ള യുദ്ധ നടപടികളും നിർത്തിവയ്ക്കുകയാണെന്ന് ക്രെംലിൻ പ്രസ്താവനയിൽ അറിയിച്ചു. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച വേളയില്‍, യുക്രൈനില്‍നിന്ന് സമാനമായ നടപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മോസ്‌കോ അറിയിച്ചു. അതേസമയം, വിഷയത്തില്‍ യുക്രൈന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
കഴിഞ്ഞ ദിവസം യുക്രൈയ്നിലെ ജനവാസമേഖലകളിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. അതിനിടെ പതിനൊന്നു വർഷം മുൻപ് റഷ്യ സ്വന്തമെന്നു പ്രഖ്യാപിച്ച ക്രൈമിയ വിട്ടുതരാൻ യുക്രൈയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തയാറായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കരിങ്കടലിന്റെ വടക്കൻ തീരത്തുള്ള ഉപദ്വീപായ ക്രൈമിയയെ യുക്രൈയ്നിൽനിന്ന് 2014-ൽ ആണ് റഷ്യ പിടിച്ചെടുത്തത്. ക്രൈമിയക്കാര്യത്തിൽ സെലെൻസ്കി ഇതുവരെ അന്തിമനിലപാടു വ്യക്തമാക്കിയിട്ടില്ലെങ്കിലും അത് വിട്ടുകൊടുക്കില്ല എന്നാണ് യുക്രൈൻ അധികൃതർ പറയുന്നത്.