നിലമ്പൂര്‍: തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ യുഡിഎഫിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിക്കും. ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി യോഗത്തിന് ശേഷം നേതാക്കളാണ് മുന്നണിയിലെടുത്തില്ലെങ്കിൽ അൻവർ മത്സരിക്കുമെന്ന് അറിയിച്ചത്. തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് രണ്ട് ദിവസത്തെ സമയം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
അഞ്ചുമാസത്തിലേറെയായി മുന്നണി പ്രവേശനത്തിനായി കത്തു നല്‍കിയിട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം എടുക്കാത്തതിനെ തുടര്‍ന്നാണ് പുതിയ നീക്കം. മുന്നണിയിലെടുക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ മുന്നണി പ്രവേശന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെന്ന് നേതാക്കള്‍ പറയുന്നു. ഇന്ന് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ഈ സമയത്താണ് പുതിയ നീക്കം.
ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരെ ആരോപണം ഉന്നയിച്ച അന്‍വറിനെ സഹകരിപ്പിക്കാനാകില്ല എന്നതാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ വികാരം. സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ നേടിയെടുക്കാനുള്ള അന്‍വറിന്റെ നീക്കത്തിന് വഴങ്ങിക്കൊടുക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.