തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് തദ്ദേശഭരണസ്ഥാപനങ്ങൾ. വാട്‌സ്ആപ്പ് വഴി ലഭിച്ച 2,820 പരാതികളിൽ നടപടിയെടുത്തതായും 2,150 എണ്ണം ഇതിനകം തീർപ്പാക്കിയതായും അധികൃതർ അറിയിച്ചു.
മാലിന്യം വലിച്ചെറിഞ്ഞവരിൽ നിന്ന് 18,72,320 രൂപ പിഴ ചുമത്തിയതിൽ 8,92,840 രൂപ ഇതിനകം ഈടാക്കിയിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി 9446 700 800 എന്ന വാട്‌സ്ആപ്പ് നമ്പർ സെപ്റ്റംബർ മാസത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. ഇതിനകം 4,818 പരാതികൾ ലഭിച്ചു. നിയമലംഘനം ഫോട്ടോ അല്ലെങ്കിൽ വീഡിയോ വഴി തെളിയിക്കുന്നവർക്കായി പിഴയിൽ നിന്ന് 25% അവാർഡ് നൽകും. ഇതുവരെ 28,500 രൂപ പ്രഖ്യാപിച്ച് 18,000 രൂപ വിതരണം ചെയ്തു.
സംസ്ഥാനത്തു പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ പല നമ്പറുകളും പരീക്ഷിച്ച സർക്കാർ അതൊന്നും വിജയിക്കാതെ വന്നപ്പോൾ ആണ് പുതിയ നമ്പർ ഇറക്കിയത്. മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാനാണ് സംസ്ഥാനത്താകെ ഒറ്റ വാട്സാപ് നമ്പർ 9446 700 800 നിലവിൽ വന്നിട്ടുള്ളത്. നടപടിയെടുക്കേണ്ട തദ്ദേശ സ്ഥാപനങ്ങൾക്ക് പരാതി തദ്ദേശ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന പ്രത്യേക വാർ റൂമിൽ നിന്നു കൈമാറും. രണ്ടു ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന നടപടികളില്‍ ആദ്യം മലിനമായ ഇടം ശുചിയാക്കുകയും രണ്ടാമതായി കുറ്റക്കാര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കലുമാണ്.