നീതി തേടി സംസ്ഥാന പോലീസ് മേധാവിക്കും എഡിജിപിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന് അറിയിച്ചത്. ഈ യാത്രയുടെ അവസാനം സത്യം വിജയിക്കുമെന്നും ഉണ്ണി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഈ മാസം 26-നായിരുന്നു ഉണ്ണി മുകുന്ദൻ മർദ്ദിച്ചു എന്ന് ആരോപിച്ച് വിപിൻ കുമാർ ഇൻഫോ പാർക്ക് പൊലീസിൽ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജരായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറഞ്ഞിരുന്നു. പിന്നാലെ വിപിൻ കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിൻ കുമാർ ഉയർത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. വിപിൻ കുമാറിനെ തന്റെ പേഴ്സൺ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
2018 ൽ തന്റെ നിർമ്മാണ കമ്പനിയുടെ ആദ്യ സിനിമയുടെ ജോലികൾ ആരംഭിക്കുന്ന വേളയിലാണ് വിപിൻ കുമാർ എന്ന വ്യക്തിയെ ആദ്യമായി പരിചയപ്പെട്ടത്. ഇൻഡസ്ട്രിയിലെ നിരവധി പ്രശസ്തരായ സെലിബ്രിറ്റികളുടെ പിആർഒ എന്ന നിലയിലാണ് ഈ വ്യക്തി തന്നെ പരിചയപ്പെട്ടതെന്നും ഇ വ്യക്തിയെ ഒരിക്കലും തന്റെ പേഴ്സണൽ മാനേജരായി നിയമിച്ചിട്ടില്ലെന്നുമായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്.
‘നീതി തേടി ബഹുമാനപ്പെട്ട ഡിജിപിക്കും എഡിജിപിക്കും ഔദ്യോഗികമായി പരാതി നല്കി. ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും.’ –ഇതാണ് ഉണ്ണി മുകുന്ദന് ഫെയ്സ്ബുക്കിൽ കുറിച്ചത്. എന്നാല്‍ ഏതുവിഷയത്തിലാണ് താന്‍ പരാതി നല്കിയതെന്നോ ആര്‍ക്കെതിരെയാണെന്നോ ഉണ്ണി മുകുന്ദന് വ്യക്തമാക്കിയിട്ടില്ല.



