സർക്കാരിന്റെ ലൈഫ് പദ്ധതിയിലുൾപ്പെട്ട ഏതാനും പേർക്കു വീടുകൾ അനുവദിച്ചതറിഞ്ഞ് മാതു ഒരു സുനാമിത്തിര പോലെ മെംബറുടെ വീട്ടുമുറ്റത്തു പാഞ്ഞെത്തി.
രോഷവും സങ്കടവും അണപൊട്ടിയൊഴുകി… കണ്ണു പൊട്ടുന്ന ചീത്ത വിളിച്ചു തുടങ്ങി… മെംബറുടെ സമാധാന വാക്കുകൾക്കു മുകളിലൂടെ മാതുവിന്റെ അസഭ്യ വർഷം പെയ്തിറങ്ങി… മാതുവിന്റെ പുതിയ മുഖം കണ്ട് കോളനിക്കാർ അമ്പരന്നു.
മെംബറെ ചീത്തവിളിച്ച കാര്യം കാട്ടുതീ പോലെ പടർന്നു. മാതു കഞ്ചാവു വലിച്ചു ബോധമില്ലാതെയാണ് മെംബറെ ചീത്തവിളിച്ചതെന്നു ഒരു പക്ഷം അല്ലാ സങ്കടം കൊണ്ടാണെന്ന് മറ്റുചിലരും…
ദിവസങ്ങൾ പോകെ എല്ലാവരും മറന്നു തുടങ്ങിയ ഒരു നാൾ രാത്രിയിൽ പോലീസുകാരെത്തി ആക്രി സാധനങ്ങൾക്കിടയിൽ നിന്നു കഞ്ചാവു പൊതി കണ്ടെടുത്തു. പോലീസിനെക്കണ്ട് കാര്യമറിയാതെ മാതു അമ്പരന്നു…. പോലീസുകാർക്കൊപ്പം വന്ന മെംബർ കോളനിക്കാരോടു പറഞ്ഞു….. എനിയ്ക്കു ഒന്നും ചെയ്യാനാവില്ല… ഇതു കേസു വേറേയാ… ഇതും പറഞ്ഞയാൾ കാറിലേയ്ക്കു കയറുന്നതിനിടയിൽ പറഞ്ഞു “അവൾക്ക് ഒരെല്ലു കൂടുതലാ അനുഭവിക്കട്ടെ”
എന്തിനെന്നോ എവിടേയ്ക്കെന്നോ അറിയാതെ മാതു വനിതാ പോലീസുകാർക്കൊപ്പം ജീപ്പിൽ ക്കയറി.
ലഹരി വസ്തു കൈവശം വെച്ചതിനു നാർക്കോട്ടിക് ആക്റ്റ് പ്രകാരം അഞ്ചു വർഷം ജയിൽവാസം… ജഡ്ജിയുടെ വിധി കേട്ട് മാതു ചിരിച്ചു. ഉറക്കെ ഉറക്കെ ചിരിച്ചു.
ചിരിയുടെ അലകൾ കോടതി മുറിയും കടന്ന് പുറത്തേയ്ക്കു അമ്പുകൾ പോലെ പാഞ്ഞു…. വിധി കേൾക്കാനെത്തിയ മെംബർക്ക് പിന്നിൽ നാടുവിട്ടു പോയ മുരുകനെ കണ്ട പോലെ മാതുവിനു തോന്നി…..
മാതു ഉള്ളിൽ പറഞ്ഞു ഏഴെങ്കിൽ ഏഴ്… മഴ നനയാതെ… രണ്ടു നേരമെങ്കിലും വല്ലതും കഴിച്ച് കിടക്കാമല്ലോ. മാതു ആശ്വസിച്ചു……
വർഷങ്ങളായി കെട്ടിക്കിടക്കുന്ന പല കേസുകളും തീർപ്പാകുന്നതിനും മുന്നേ മാതുവിന്റെ കാര്യത്തിലൊരു തീരുമാനം വന്നതും അവൾക്ക് ആശ്വാസമായിത്തോന്നി…
മാതുവിന്റെ ചിരിയുടെ പൊരുളറിയാതെ കോടതി പിരിഞ്ഞു.
അന്നാ പോൾ