ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലെ ഫെയര്‍മൗണ്ട് പാര്‍ക്കില്‍ മെമ്മോറിയൽ ഡേയ്‌ക്കിടെയുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാത്രി 10.30-നാണ് വെടിവെപ്പ് നടന്നത്. നിലവില്‍ ഫിലാഡല്‍ഫിയ പൊലീസ് സംഭവ സ്ഥലം പരിശോധിക്കുകയാണ്. പാര്‍ക്കില്‍ തിരക്കുണ്ടായിരുന്ന സമയത്താണ് വെടിവെപ്പ് നടന്നത്. വെടിവെപ്പ് നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ഏകദേശം 200 ഓളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പരിക്കേറ്റവരിൽ മൂന്ന് പേർ 15 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളാണെന്നും ബാക്കിയുള്ളവർ 18 നും 28 നും ഇടയിൽ പ്രായമുള്ളവരാണെന്നും ഫിലാഡൽഫിയ പോലീസ് കമ്മീഷണർ കെവിൻ ബെഥേൽ പറഞ്ഞു. 23 വയസ്സുള്ള അമ്യ ഡെവ്‌ലിനും 21 വയസ്സുള്ള മിഖായേൽ ബോവേഴ്‌സും ആണ് കൊല്ലപ്പെട്ടത് എന്ന് ഫിലാഡൽഫിയ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഉദ്യോഗസ്ഥർ ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ല, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സൗത്ത് കരോലീന തീരത്ത് ഞായറാഴ്ച നടന്ന പാര്‍ട്ടിക്കിടയിലും വെടിവെപ്പുണ്ടായിരുന്നു. വെടിവെപ്പില്‍ അന്ന് 10 പേര്‍ക്കാണ് അന്ന് പരിക്കേറ്റത്.