Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » പുതിയ കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും.
പുതിയ കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും.

പുതിയ കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും.

by Editor
Send your news and Advertisements

തിരുവനന്തപുരം: പുതിയ കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് പദവിയേൽക്കും. രാവിലെ 9.30-ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറും. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും കെ കരുണാകരന്റെയും സ്‌മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ട എ പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് എന്നിവർ ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു.

കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് കെ കരുണാകന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി, തുടർന്ന് ഉമ്മൻചാണ്ടിയുടെ കല്ലറയും സന്ദർശിച്ചു. സഹഭാരവാഹികളായ എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവർക്കൊപ്പമാണ് എത്തിയത്. ചുമതലയേൽക്കും മുമ്പ് കോൺഗ്രസിന്‍റെ പഴയ നേതാക്കളെ അനുസ്മരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

കണ്ണൂരിൽ കെ സുധാകരൻ വളർത്തിക്കൊണ്ടുവന്ന നേതാവ് തന്നെയാണ് സുധാകരന് പിൻഗാമിയായി കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. സണ്ണി ജോസഫ് കണ്ണൂരിലെ കോൺഗ്രസിന്റെ അമരക്കാരനായിരുന്നു. ജില്ലയിലെ യുഡിഎഫിനെയും സണ്ണി ജോസഫ് നയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ ഇരിക്കൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുള്ള സണ്ണി ജോസഫ് പിൽക്കാലത്ത് യൂത്ത് കോൺഗ്രസിന്റെ ജില്ലാ അധ്യക്ഷനുമായി. 2011ൽ മുൻമന്ത്രി കെ കെ ശൈലജയെ സിറ്റിംഗ് സീറ്റായ പേരാവൂർ മണ്ഡലത്തിൽ തോൽപ്പിച്ചാണ് സണ്ണി ജോസഫിന്റെ നിയമസഭയിലേക്കുള്ള കന്നി വിജയം.. പേരാവൂരിൽ നിന്ന് മത്സരിപ്പിക്കാൻ സണ്ണി ജോസഫിനെ നിർദ്ദേശിച്ചതും കെ സുധാകരൻ ആയിരുന്നു. സുധാകരന് ഏറെ താല്പര്യമുള്ള നേതാവ് കൂടിയാണ് ഐ ഗ്രൂപ്പുകാരനായ സണ്ണി. കഴിഞ്ഞ മൂന്നുതവണ തുടർച്ചയായി പേരാവൂരിന്റെ എംഎൽഎയാണ്. നിലവിൽ നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനുമാണ്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായും പ്രവർത്തിച്ചു വരുന്നതിനിടെയാണ് ഹൈക്കമാൻഡ് സണ്ണി ജോസഫിന് പുതിയ കരീടം വെച്ച് നീട്ടുന്നത്.

മെയ് എട്ടിനാണ് പുതിയ കെപിസിസി നേതൃത്വത്തെ മല്ലികാർജുൻ ഖർഗെ പ്രഖ്യാപിച്ചത്. നിലവിലെ സംസ്ഥാന അധ്യക്ഷൻ കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കി. അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായി തിരഞ്ഞെടുത്തു. പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു. നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സൻ, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ടി സിദ്ധീഖ് എന്നിവരെയാണ് പദവിയില്‍ നിന്നൊഴിവാക്കിയത്. പുതിയ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായ പി സി വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയില്‍ നിന്നു നീക്കി.

You may also like

error: Content is protected !!