പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രവിശ്യ ആയ ബലൂചിസ്ഥാനിൽ നിന്ന് പാക് സേന പരാജപ്പെട്ടു പിന്മാറുന്നതായി വാർത്തകൾ വരുന്നു. പാകിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് രൂപീകരിക്കുന്നതിലേക്ക് നയിച്ച 1971-ലേതിന് സമാനമായ ഒരു അന്തരീക്ഷം ബലൂചിസ്ഥാൻ മേഖലയിൽ ഉടലെടുക്കുന്നതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ബലൂചിസ്ഥാനിൽ ഏകദേശം 33 ജില്ലകൾ ഉണ്ട്, അതിൽ ഏതാണ് എട്ടോളം ജില്ലകളിൽ ഇന്ന് പാക്കിസ്ഥാൻ സർക്കാരിനോ, സൈന്യത്തിനോ ഇന്ന് സ്വാധീനം ഇല്ല. ഈ എട്ടോളം ജില്ലകൾ ഇപ്പോൾ തന്നെ ഒരു സ്വതന്ത്ര രാജ്യം പോലെയാണ് പ്രവർത്തിക്കുന്നത്. വളരെ വലിയ പ്രതിസന്ധിയാണ് പാക്കിസ്ഥാൻ നേരിട്ടുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാൻ സർക്കാരിന്റെയും സൈന്യത്തിന്റെയും പ്രവർത്തികൾ തന്നെയാണ് ബലൂചികളെ ഈ കലാപത്തിലേക്കു തള്ളിവിട്ടത്.
ഇന്ത്യയ്ക്ക് ബലൂചിസ്ഥാൻ പ്രവിശ്യയുമായി അതിർത്തി ഇല്ലെങ്കിലും പാക്കിസ്ഥാൻ ആരോപിക്കുന്നത് അവിടുത്തെ പ്രശ്നങ്ങൾക്ക് കാരണം ഇന്ത്യ ആണെന്നാണ്. ബലൂചിസ്ഥാനുമായി അതിർത്തി പങ്കിടുന്നത് ഇറാനും അഫ്ഘാനിസ്ഥാനും ആണ്. ഇറാനിലെയും അഫ്ഘാനിസ്ഥാനിലെയും ഒരു വിഭാഗം ബലൂചികളെ പിന്തുണക്കുന്നവരാണ്. ബലൂചിലെ ജനങ്ങൾ കാലങ്ങളായി ഇന്ത്യയുടെ സഹായം ആവിശ്യപെടുന്നുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അവരെ പരസ്യമായി പിന്തുണക്കാൻ തയ്യാറായിട്ടില്ല. എന്നാൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾ ആണ് ബലൂചിസ്ഥാനിൽ വിമതപ്രവർത്തനത്തിന് സഹായം ചെയ്യുന്നത് എന്നാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്. ഇന്ത്യയിൽ പ്രത്യേകിച്ച് കാശ്മീരിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാൻ ആണ് ഈ ആരോപണം ഉന്നയിക്കുന്നത് എന്നതാണ് രസകരം. ഇന്ത്യ ബംഗ്ലാദേശിനെ മോചിപ്പിച്ചപോലെ ബലൂചിസ്ഥാനെയും മോചിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നവർ ഉണ്ട്.
പാക്കിസ്ഥാൻ 1971-ലെ പോലെ മറ്റൊരു പിളർപ്പിലേക്കാണ് പോകുന്നത് എന്നാണ് ഇപ്പോളത്തെ സൂചന. ബലൂച് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പൊതുജനങ്ങൾ നൽകുന്ന ഗണ്യമായ പിന്തുണയും മേഖലയിലെ പാക്കിസ്ഥാൻ സൈന്യത്തിന്റെ സ്വാധീനം ദുർബലമാകുന്നതും ലോകത്തുനിന്ന് മറച്ചു പിടിക്കാൻ പാക്കിസ്ഥാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ബലൂചിസ്ഥാനിലെ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള പാക്കിസ്ഥാന്റെ ഏകപക്ഷീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങളെയാണ് അമേരിക്ക പോലും നിലവിൽ ആശ്രയിക്കുന്നത്. സ്വന്തം സൈനിക ബലഹീനത മറച്ചുവെക്കാനും യുഎസിന്റെ പിന്തുണ നഷ്ടപ്പെടാതിരിക്കാനും, പാശ്ചാത്യ മാധ്യമങ്ങളെ – പ്രത്യേകിച്ച് അമേരിക്കൻ മാധ്യമങ്ങൾ, തിങ്ക് ടാങ്കുകൾ, സിവിൽ സമൂഹം, രാഷ്ട്രീയക്കാർ, ബിസിനസ്സ് സമൂഹം, പൊതുജനങ്ങൾ എന്നിവരെ ഇരുട്ടിൽ നിർത്താൻ പാക്കിസ്ഥാന്റെ ഐഎസ്‌ഐ മനഃപൂർവ്വം പ്രവർത്തിക്കുന്നു.
എന്നിരുന്നാലും, പാക്കിസ്ഥാന്റെ സ്വന്തം മതതീവ്രവാദ സഖ്യകക്ഷിയായ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജെയുഐ) പ്രസിഡന്റ് മൗലാന ഫസൽ-ഉർ-റഹ്മാൻ പോലും ഇപ്പോൾ പാക്കിസ്ഥാൻ സൈന്യത്തിനും ഐഎസ്‌ഐക്കും ബലൂചിസ്ഥാനിലെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് പരസ്യമായി സമ്മതിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ദേശീയ അസംബ്ലിയുടെ അടുത്തിടെ നടന്ന ഒരു സമ്മേളനത്തിൽ സംസാരിച്ച പാക്കിസ്ഥാൻ എംപി മൗലാന ഫസൽ-ഉർ-റഹ്മാൻ നിലവിൽ ബലൂചിസ്ഥാനിൽ അഞ്ച് മുതൽ ഏഴ് വരെ ഗ്രൂപ്പുകളുണ്ടെന്നും അവർ ശക്തമായി തിരിച്ചടിച്ചാൽ അവർക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നും, രാജ്യം വീണ്ടും തകരുമെന്നും പറഞ്ഞു. ബലൂച് ജനത സ്വതന്ത്രരാകുകയാണെന്നും, ബലൂചിസ്ഥാനിലെ ജില്ലകൾ വിമോചനം പ്രഖ്യാപിച്ചാൽ, ഐക്യരാഷ്ട്രസഭ അവരുടെ സ്വാതന്ത്ര്യം അംഗീകരിക്കുകയും പാക്കിസ്ഥാൻ വീണ്ടും തകരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മേഖലയിലെ ദീർഘകാല സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും, പരാജയപ്പെട്ടതും തകർന്നുകൊണ്ടിരിക്കുന്നതുമായ കൃത്രിമ രാഷ്ട്രമായ പാക്കിസ്ഥാനെ ആശ്രയിക്കുന്നതിനുപകരം, നിർണായക പ്രാധാന്യമുള്ള ഭൂമിശാസ്ത്രപരമായ പ്രദേശത്ത് വിഭവസമൃദ്ധവും സമാധാനപരവും മതേതരവുമായ ഒരു രാഷ്ട്രമായ ബലൂചിസ്ഥാനുമായി അമേരിക്ക തന്ത്രപരമായ ബന്ധം സ്ഥാപിക്കണം എന്നാണ് ബലൂചിസ്ഥാൻ വിമോചന നേതാക്കൾ ആവിശ്യപെടുന്നത്.