നോർത്ത്-സൗത്ത് പ്രണയകഥയുമായി ഒരു ഹിന്ദി ചിത്രം കൂടി തിയേറ്റുകളിലെത്തുകയാണ്. സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന ‘പരം സുന്ദരി’യാണ് ഈ സിനിമ. ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ടീസറിലെ സോനു നിഗം പാടിയ ഗാനം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. കേരളത്തിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിദ്ധാർത്ഥിന്റെയും ജാൻവിയുടെയും ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ചങ്ങനാശ്ശേരിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിക്കുന്നത്. ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗർ ആണ്. ചിത്രം ജൂലൈ 25 ന് തിയേറ്ററിലെത്തും.



