ദില്ലി: ബെംഗളുരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു. കർണാടിക്, പിന്നണി ഗായിക ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു. ചെന്നൈ സ്വദേശിയാണ് ശിവശ്രീ. മാർച്ച് 4-ന് ഇരുവരും ബെംഗളുരുവിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ട്. എന്നാൽ ഇരുവരും വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശിവശ്രീ ചെന്നൈ സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തരബിരുദം നേടി. പിന്നീട് മദ്രാസ് സംസ്കൃത കോളേജിൽ നിന്ന് സംസ്കൃതത്തിൽ ബിരുദാനന്തരബിരുദം നേടിയ ശേഷമാണ് സംഗീതരംഗത്തേക്ക് തിരിഞ്ഞത്. കർണാടിക് സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശിവശ്രീ ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പൊന്നിയിൻ സെൽവൻ 1-ലെ കാതോട് സൊൽ എന്ന പാട്ടിന്‍റെ കന്നഡ പതിപ്പ് പാടിയിട്ടുണ്ട് ശിവശ്രീ.
2014 -ൽ ശിവശ്രീ പാടി റെക്കോർഡ് ചെയ്ത ഗാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ ലഭിച്ചിരുന്നു. അവർ കന്നഡ ഭക്തിഗാനമായ ‘പൂജിസലന്ദേ ഹൂഗല തണ്ടേ’ ആലപിക്കുകയും അത് തന്റെ യൂട്യൂബ് ചാനലിൽ ഷെയർ ചെയ്യുകയുമായിരുന്നു. ഇതാണ് മോദിയുടെ പ്രശംസ നേടിയത്. “ശിവശ്രീ സ്കന്ദപ്രസാദിന്റെ കന്നഡയിലെ ഈ അവതരണം പ്രഭു ശ്രീരാമനോടുള്ള ഭക്തിയുടെ ആത്മാവിനെ മനോഹരമായി ഉയർത്തിക്കാട്ടുന്നു. അത്തരം ശ്രമങ്ങൾ നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ വളരെയധികം സഹായിക്കുന്നു,” വീഡിയോയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്ന് അക്കാദമിക് ലോ ബിരുദവും എൽഎൽബിയും നേടിയ തേജസ്വി സൂര്യ കർണാടക സംഗീതത്തിൽ പരിശീലനം നേടിയിട്ടുണ്ട്, കൂടാതെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എറൈസ് ഇന്ത്യ എന്ന എൻജിഒയുടെ ഉടമയാണ്. 2020 സെപ്റ്റംബർ 26 മുതൽ അദ്ദേഹം ഭാരതീയ ജനതാ യുവമോർച്ചയുടെ പ്രസിഡൻ്റ് കൂടിയാണ്.