മിനസോഡ, യു എസ്: യുഎസിലെ മിനസോഡ സംസ്ഥാനത്ത് ഡെമോക്രാറ്റ് നേതാവിനെയും ഭർത്താവിനെയും ബ്രൂക്ലിൻ പാർക്കിലെ അവരുടെ വീട്ടിൽക്കയറി വെടിവച്ചു കൊന്നു. ജനപ്രതിനിധിസഭാംഗവും മുൻ സ്പീക്കറുമായ ഡെമോക്രാറ്റ് നേതാവ് മെലീസ ഹോർട്മനും ഭർത്താവ് മാർക് ഹോർട്മനുമാണ് പൊലീസ് വേഷത്തിലെത്തിയ അക്രമിയുടെ വെടിയേറ്റു മരിച്ചത്. സംസ്ഥാന സെനറ്റംഗമായ ഡെമോക്രാറ്റ് നേതാവ് ജോൺ ഹോഫ്മന്റെ വീട്ടിലും അക്രമിയെത്തി. വെടിയേറ്റ ഹോഫ്മനും ഭാര്യയ്ക്കും ഗുരുതര പരുക്കേറ്റു. 57 വയസ്സുള്ള വാൻസ് ബോൽട്ടർ എന്നയാളാണ് പ്രതിയെന്ന് അധികൃതർ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ടുകൾ. ബോൽട്ടറെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പൊലീസ് ഉപയോഗിക്കുന്നതരം വാഹനത്തിലായിരുന്നു അക്രമിയെത്തിയത്. ലക്ഷ്യമിട്ട രാഷ്ട്രീയ നേതാക്കളുടെ നീണ്ട പട്ടിക ഈ വാഹനത്തിൽനിന്നു കണ്ടെടുത്തു. മിനസോഡയിലേത് ആസൂത്രിത അക്രമങ്ങളായിരുന്നെന്നും ഇത് അനുവദിക്കില്ലെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.