കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം ജി ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനാണ് മുളവുകാട് പഞ്ചായത്ത് അധികൃതർ ഗായകന് 25,000 രൂപയുടെ പിഴ നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ദിവസം എംജി ശ്രീകുമാർ പിഴ ഒടുക്കി. ആറ് മാസം മുന്‍പ് നടന്ന സംഭവത്തിലാണ് നടപടി.
എം.ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ വിനോദ സഞ്ചാരി, മന്ത്രി എം.ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ തദ്ദേശ വകുപ്പിലെ കണ്‍ട്രോള്‍ റൂമിന്റെ നിര്‍ദേശം മുളവുകാട് പഞ്ചായത്ത് അധികൃതര്‍ക്ക് ലഭിച്ചു. ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതര്‍ ഗായകന് പിഴ ഈടാക്കുകയായിരുന്നു. എം.ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണെങ്കിലും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. വീട്ടുജോലിക്കാരിയാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
നടപടി എടുത്ത വിവരം പരാതിക്കാരനെ മന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. ഗായകന്‍ പിഴ അടച്ചുകഴിയുമ്പോള്‍ തെളിവ് സഹിതം പരാതി നല്‍കിയ ആള്‍ക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി നസീം എന്‍.പിയാണ് പരാതിക്കാരന്‍. എം.ജി ശ്രീകുമാറിന് പിഴ നോട്ടീസ് നല്‍കിയതിന് പിന്നാലെ യാതൊരു തര്‍ക്കവും കൂടാതെ അദ്ദേഹം പിഴ അടച്ചുവെന്ന് മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ് അക്ബര്‍ പറഞ്ഞു.