നിലമ്പൂര്‍: കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് വഴിക്കടവിലാണ് സംഭവം. പത്താംക്ലാസ് വിദ്യാർത്ഥി ജിത്തു എന്ന അനന്തു(15)-വാണ് മരിച്ചത്. മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കളായ അഞ്ചുപേരാണ് മീന്‍പിടിക്കാന്‍ പോയത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർ പരുക്കേറ്റ് ചികിത്സയിലാണ്. വല വീശുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍വെച്ച കെണിയായിരുന്നു അനന്തുവിന്റെ ജീവനെടുത്തത്.
വഴിക്കടവിലെ വിദ്യാർഥിയുടെ മരണം സർക്കാർ സ്പോൺസർ ചെയ്തതാണെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. കെഎസ്ഇബിയുടെ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം വേണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ആവശ്യപ്പെട്ടു. അനധികൃത ഫെൻസിംഗിൽ നിന്ന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് കുട്ടികളും അപകട നില തരണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
വഴിക്കടവിലേത് വൈദ്യുതി മോഷണമാണെന്ന് കെഎസ്ഇബി പ്രതികരിച്ചു. കെഎസ്ഇബി പോസ്റ്റില്‍ നിന്ന് അനധികൃതമായി ഇന്‍സുലേറ്റഡ് വയര്‍ ഉപയോഗിച്ചാണ് വൈദ്യുതി വലിച്ചത്. നടന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും കെഎസ്ഇബി വിശദീകരിച്ചു. ലൈനിൽനിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിക്കുന്നതായി 7 മാസം മുൻപ് കെഎസ്ഇബിക്ക് പരാതി നൽകിയിരുന്നെന്നും അവർ തിരിഞ്ഞു നോക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പ്രദേശവാസികൾ ആരോപിച്ചു.