ടെല്‍ അവീവ്: ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ കനത്ത ആക്രമണം. ഇറാനിലെ ആണവ പ്ലാന്റുകളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു. ‘ഓപ്പറേഷൻ റൈസിങ് ലയൺ’ ആണ് ഇറാനെതിരെ നടക്കുന്നതെന്നും ഇസ്രയേൽ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ വിവിധ പ്രദേശങ്ങളിലെ ആണവ പ്ലാന്റുകൾ ഉൾപ്പെടെ ഡസൻ കണക്കിന് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം നടത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തിന് പിന്നാലെ ഇറാനില്‍ നിന്നുള്ള തിരിച്ചടി സാധ്യത കണക്കിലെടുത്ത് ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം തടയാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ ആണവായുധ നിര്‍മാണം തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ 200 യുദ്ധ വിമാനങ്ങള്‍ പങ്കെടുത്തതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. 100 കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ബോംബുകളും മിസൈലുകളുമടക്കം 330 ആയുധങ്ങള്‍ പ്രയോഗിച്ചതായും അവര്‍ അവകാശപ്പെട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളും ആണവ പദ്ധതികളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്ന് നെതന്യാഹുവും പറഞ്ഞു.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് ഇസ്ലാമിക് റെവലൂഷന് ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്റാനില്‍ ഇന്നലെ രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി കൊല്ലപ്പെട്ടതെന്ന് ഇറാന് സ്റ്റേറ്റ് മീഡിയ അറിയിച്ചു. 2024-ല്‍ ഇറാന് ഇസ്രയേലിന് നേരെ ആദ്യമായി നേരിട്ട് നടത്തിയ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് ഹൊസൈന്‍ സലാമിയായിരുന്നു. 300-ല്‍ അധികം ഡ്രോണുകളും മിസൈലുകളും വിന്യസിച്ചായിരുന്നു അന്ന് ആക്രമണം. ഇറാന്റെ മറ്റു ഉന്നത സൈനിക ഉദ്യോഗസ്ഥരും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിവരമുണ്ട്. ആക്രമണത്തില്‍ രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കനത്ത നാശംവിതച്ച ഇസ്രയേല്‍ ആക്രമണത്തിന് പ്രതികാരമായി ഇറാന് പ്രത്യാക്രമണം തുടങ്ങി. ഇസ്രയേല്‍ ലക്ഷ്യമിട്ട് നൂറോളം ഡ്രോണുകള്‍ ഇറാന് വിക്ഷേപിച്ചതായാണ് വിവരം. ഡ്രോണുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഇറാനില്‍ നിന്ന് വിക്ഷേപിക്കുന്ന ഡ്രോണുകള്‍ ഇസ്രയേലിലെത്താന്‍ ഏഴ് മണിക്കൂറോളം എടുക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന കണക്കാക്കുന്നത്. വഴിയില്‍ തകര്‍ക്കപ്പെട്ടില്ലെങ്കില്‍ അടുത്ത ഒന്ന് രണ്ട് മണിക്കൂറിനകം ഇസ്രയേല്‍ പരിധിയിലെത്തും. അത് തകര്‍ക്കുമെന്നും ഐഡിഎഫ് അറിയിച്ചു.
മേഖലയിൽ ഒരു ‘വലിയ സംഘർഷം’ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം നടത്തിയത്.
ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നാണ് ഇന്ത്യൻ എംബസിയുടെ നിർദേശം. രാജ്യത്ത് താമസിക്കുന്നവരും യാത്രചെയ്യുന്നതുമായ ഇന്ത്യൻ പൗരന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.