കർണാടകയിലെ ബീഡി വ്യവസായിയുടെ വസതിയിൽ റെയ്ഡ് നടത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ഷെഫീർ ബാബുവിനെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷം കര്‍ണാടക പൊലീസ് കൊടുങ്ങല്ലൂരെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇരിങ്ങാലക്കുടയിലെ പൊലീസ് ക്വാർട്ടേഴ്സിൽ കുടുംബസമേതം താമസിച്ചിരുന്ന എ.എസ്.ഐയെ ശനിയാഴ്ച വൈകുന്നേരം ആണ് കസ്റ്റഡിയിലെടുത്തത്.
വ്യവസായിയുടെ വീട്ടിൽ നടത്തിയ വ്യാജ റെയ്ഡിലൂടെയാണ് തട്ടിപ്പ് നടത്തിയത്. തമിഴ്നാട് രജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റുള്ള കാറില്‍ എത്തിയ സംഘം ബീഡി കമ്പനി ഉടമയായ എം സുലൈമാന്റെ കോല്‍നാടിലെ വസതിയില്‍ രാത്രി 8 മണിയോടെയാണ് എത്തിയത്. ഇഡി ഉദ്യോഗസ്ഥരെന്നാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തിയത്. വീട്ടില്‍ തിരച്ചില്‍ നടത്താന്‍ വാറണ്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. തുടർന്ന് സംശയം തോന്നിയ വ്യവസായി ഉടൻ പരാതി നൽകിയതോടെ സംഭവം പുറത്താകുകയായിരുന്നു. മൂന്നു സുഹൃത്തുക്കളോടൊപ്പമാണ് ഇഡി ഉദ്യോഗസ്ഥനായി ചമഞ്ഞ് കര്‍ണാടകയിലെ നേതാവിന്റെ കോടികള്‍ തട്ടിയെടുത്തത്.