അമേരിക്കയിൽ നാശം വിതച്ച് ചുഴലിക്കാറ്റ്. കഴിഞ്ഞ ദിവസം വീശിയടിച്ച അതിശക്തമായ കാറ്റിൽ 36 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വരും ദിവസങ്ങളിലും ശക്തമായ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിസോറിയിൽ മാത്രം 14 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ കോടികളുടെ നാശനഷ്ടമുണ്ടായെന്നാണ് വ്യക്തമാകുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ വൈദ്യുതി ബന്ധം ചുഴലിക്കാറ്റ് താറുമാറാക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെങ്കിലും വിവിധ നഗരങ്ങൾ ഇപ്പോഴും ഇരുട്ടിലാണെന്നാണ് വിവരം.
ചുഴലിക്കാറ്റിൽ ധാരാളം മരങ്ങൾ കടപുഴകിവീണു. കൂറ്റൻ മരങ്ങൾ വീണ് നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ടെക്സസിൽ പൊടിക്കാറ്റിനെത്തുടർന്നുണ്ടായ കാർ അപകടങ്ങളിലെ മൂന്ന് മരണം ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അപകടമേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു.
കഴിഞ്ഞ വർഷവും ഇതേ സമയം ചുഴലിക്കാറ്റ് ഉണ്ടായിരുന്നു. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് ആഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 54 പേരാണ് അപകടത്തിൽ മരിച്ചത്.