കീവ്: റഷ്യയ്ക്ക് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ താല്പര്യമില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. ഉന്നതതല ചർച്ചകൾ നടക്കുന്ന ദിവസത്തിൽ പോലും റഷ്യയുടെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കാൻ മോസ്‌കോയ്ക്ക് ഉദ്ദേശമില്ലെന്ന് തെളിയിക്കുന്നതാണ് ഇതെന്നും സെലെൻസ്‌കി പറഞ്ഞു. യുദ്ധത്തിന്‍റെ ന്യായമായ ഒരു അന്ത്യത്തിനായി യുക്രെയ്ൻ വാഷിംഗ്ടണുമായും യൂറോപ്യൻ സ്യകക്ഷികളുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും സെലെൻസ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ കഴിയുന്നത്ര പ്രവർത്തിക്കാൻ തയ്യാറാണ്, അമേരിക്കയിൽ നിന്ന് ശക്തമായ ഒരു നിലപാട് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയിലേക്ക് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കിയെ ക്ഷണിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. യുക്രെയ്നെക്കൂടി ഉൾപ്പെടുത്തിയുള്ള സമാധാനചർച്ചയിലേക്കുള്ള പാലമായി അലാസ്ക ഉച്ചകോടി മാറുമെന്ന് സെലെൻസ്‌കി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
അതേസമയം വ്ലാഡിമിർ പുട്ടിനുമായുള്ള ചർച്ചയിൽ സമാധാന കരാറിന് അടുത്തുവരെ എത്തിയെന്നും യുക്രെയ്ൻ കരാർ അംഗീകരിക്കണമെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. റഷ്യയുടെ മൂന്നു വർഷത്തെ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാർ ഉറപ്പിക്കേണ്ട ഉത്തരവാദിത്തം ഇപ്പോൾ യുക്രെയ്‌ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കിയുടേതാണെന്നും യൂറോപ്യൻ രാജ്യങ്ങളും ചെറുതായി ഇടപെടണം എന്നുമാണ് ട്രംപ് പറഞ്ഞത്. പുടിനുമായുള്ള കൂടിക്കാഴ്ച്‌ചയ്ക്കു ശേഷം സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് പരാമർശം.