Mantis Partners Sydney
Saturday, March 21, 2026
Mantis Partners Sydney
Home » താപനില ഉയർന്നതോടെ കേരളത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

താപനില ഉയർന്നതോടെ കേരളത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

by Editor
Send your news and Advertisements

തിരുവനന്തപുരം: താപനില ഉയരുന്ന സാഹചര്യത്തിൽ മാർച്ച് 20 മുതൽ 22 വരെ കേരളത്തിലെ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്.

സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരും. രാവിലെ പത്ത് മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാൽ ആ സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. തുടർച്ചയായി കൂടുതൽ സമയം അൾട്രാ വയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യതാപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്ര രോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം.

പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. വെയിലത്ത് ജോലി ചെയ്യുന്നവർ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നിർജലീകരണം ഒഴിവാക്കാൻ ഒആർഎസ് (ORS), സംഭാരം തുടങ്ങിയവ ഉപയോഗിക്കാം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദ സഞ്ചാരികൾ, ചർമ രോഗങ്ങളുള്ളവർ, നേത്ര രോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗ പ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

You may also like

error: Content is protected !!