ന്യൂഡൽഹി: ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് പുതിയ വ്യോമതാവളം ഇന്ത്യ പ്രവർത്തനക്ഷമമാക്കി. യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് 35 കിലോമീറ്റർ അകലെയാണ് ന്യോമ വ്യോമതാവളം. പാംഗോങ്, ഡെംചോക്ക്, ഡെപ്‌സാങ് പോലുള്ള സംഘർഷ മേഖലകൾക്ക് അടുത്തുള്ള കേന്ദ്രമാണിത്. വ്യോമതാവളം പ്രവർത്തനക്ഷമമായതോടെ ഈ പ്രദേശങ്ങളിലേക്ക് സൈനികരെയും ആയുധങ്ങളും സാമഗ്രികളും വേഗത്തിൽ എത്തിക്കാൻ സേനയ്ക്ക് സാധിക്കും. 3 കിലോമീറ്റർ റൺവേയും ശക്തമായ ഷെൽട്ടറുകളുമുള്ള പുതിയ ന്യോമ വ്യോമതാവളം ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. റാഫേൽ, സു -30 എംകെഐ, മിഗ് -29, സി -17 വിമാനങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിയും. -40°C താപനിലയിലും പ്രവർത്തിക്കുന്ന തരത്തിലാണ് നിർമാണം.
കിഴക്കൻ ലഡാക്കിൽ 13,700 അടി ഉയരത്തിലാണ് വ്യോമതാവളം സ്ഥിതിചെയ്യുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ഉയരത്തിലുള്ള വ്യോമതാവളമാണിത്. 3,488 കിലോമീറ്റർ ദൈർഘ്യമുള്ള യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യ നടത്തുന്ന വികസനപ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ വ്യോമതാവളം തയ്യാറായത്. റിപ്പോർട്ടുകൾ പ്രകാരം, ലേ, കാർഗിൽ, തോയിസ്, ദൗലത് ബേഗ് ഓൾഡി എന്നിവയ്‌ക്കൊപ്പവും ന്യോമ പ്രവർത്തിക്കും. ഇത് ഈ മേഖലയിൽ നൂതന വ്യോമ ആസ്തികളുടെ വലിയ ശൃംഖല സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.



