സോൾ: ഇന്ത്യയുമായി ഉടൻ വ്യാപാര കരാറിൽ ഏർപ്പെടുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (അപെക്) സിഇഒ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാൻ ഉടൻ ഇന്ത്യയുമായി ഒരു വ്യാപാര കരാർ ഉണ്ടാക്കുന്നുണ്ട്. എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വലിയ ബഹുമാനവും സ്നേഹവുമുണ്ട്. ഞങ്ങൾ തമ്മിൽ മികച്ച ഒരു ബന്ധമാണുള്ളത്’- ട്രംപ് പറഞ്ഞു.
മോഡി കാണാൻ നല്ല മനുഷ്യനാണ്. എന്നാൽ അദേഹം ഒരു കണിശക്കാരനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (APEX) ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ വീണ്ടും പുകഴ്ത്തിയ ട്രംപ് അദേഹത്തെ ഏറ്റവും സുന്ദരനായ വ്യക്തി (‘nicest looking guy’) എന്നും പിതാവിനെ പോലെയെന്നും വിശേഷിപ്പിച്ചു.
വ്യവസായ പ്രമുഖരുമായി നടത്തിയ ഉച്ച വിരുന്നിൽ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ ഒരു ‘യുദ്ധം’ താൻ ഒഴിവാക്കിയത് വ്യാപാരത്തിൻ്റെ പേരിൽ അവരെ സമ്മർദ്ദത്തിലാക്കിയാണെന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടു. നരേന്ദ്ര മോദി അടുത്ത സുഹൃത്താണ്. എന്നാൽ പാക്കിസ്ഥാനോടുള്ള യുദ്ധം നിറുത്തില്ലെന്ന് മോദി പറഞ്ഞു. മോദി തന്നോടിതെങ്ങനെ പറഞ്ഞെന്നും ട്രംപ് അനുകരിച്ച് കാണിച്ചു. പിന്നീട് പാക്കിസ്ഥാനെ വിളിച്ച് താൻ യുദ്ധം നിറുത്തണം എന്നാവശ്യപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം യുദ്ധം തീർന്നു. ജോ ബൈഡനായിരുന്നെങ്കിൽ ഇത് ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയുമായി വ്യാപാര കരാർ ഉണ്ടാകുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ കുതിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ. സെൻസെക്‌സ് 360 പോയിൻ്റ് ഉയർന്ന് 84,997.13-ലും നിഫ്റ്റി 17 പോയിൻ്റ് ഉയർന്ന് 26,053.90 പോയിൻ്റിലും എത്തി.
അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്കുള്ള നിരക്കുകൾ കുറഞ്ഞേക്കുമെന്ന പ്രതീക്ഷയിൽ കയറ്റുമതി മേഖലയിലെ കമ്പനികളുടെ ഓഹരികൾ ആണ് കൂടുതൽ തിളക്കം കാഴ്‌ചവച്ചത്. ഫെഡറൽ റിസർവിൻ്റെ പലിശ നിരക്ക് പ്രഖ്യാപനത്തിലേക്കാണ് വിപണിയുടെ ഉറ്റുനോട്ടം. കാൽ ശതമാനം പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്. എങ്കിലും ഭാവിയിൽ പലിശ കുറയ്ക്കുന്നതിനെ കുറിച്ചുള്ള സൂചനകൾ ഉണ്ടാകുമോ എന്നതാണ് വിപണി പ്രധാനമായും ശ്രദ്ധിക്കുക. യു.എസ് ചൈന വ്യാപാര കരാറിൻ്റെ സാധ്യതകൾ ഉയർന്നതും വിപണിയിൽ ഇന്നലെ പ്രതിഫലിച്ചു.
റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എൻ.ടി.പി.സി, അദാനി പോർട്‌സ്, പവർ ഗ്രിഡ്, എച്ച്.സി.എൽ ടെക്, ടാറ്റ സ്റ്റീൽ തുടങ്ങിയ വമ്പൻ ഓഹരികളും ഇന്നലെ വ്യാപാരത്തിനിടെ മൂന്ന് ശതമാനം വരെ ഉയർന്നിരുന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6 ശതമാനം, 0.4 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. നിഫ്റ്റി സൂചികകളിൽ ഓട്ടോ ഒഴികെ എല്ലാം തന്നെ നേട്ടത്തിലായിരുന്നു. ഓയിൽ ആൻഡ് ഗ്യാസ് സൂചിക 2.12 ശതമാനം ഉയർച്ചയോടെ നിഫ്റ്റി സൂചികകളിൽ മുന്നിലെത്തി.
 



