Monday, December 15, 2025
Mantis Partners Sydney
Home » സാംസ്‌കാരിക കേരളത്തിൽ നീതി പുലരുമോ?
സാംസ്‌കാരിക കേരളത്തിൽ നീതി പുലരുമോ?

സാംസ്‌കാരിക കേരളത്തിൽ നീതി പുലരുമോ?

by Editor

നമ്മുടെ നവോഥാന നായകർ പടുത്തുയർത്തിയ സാമൂഹ്യ സാംസ്‌കാരിക രംഗം ഇന്ന് ആശുപത്രി അത്യാഹിതമെത്തയിൽ ഊർധശ്വാസമെടുക്കുന്ന ഹൃദയഭേദകമായ ധാരാളം കാഴ്‌ചകളാണ് കാണുന്നത്. നീതിയങ്ങും നിയമമിങ്ങുമായി നീതിയറ്റ മനസ്സുമായി മനുഷ്യർ ജീവിക്കുന്നു. നാടുവാഴി ഭരണംപോലെ അധികാരികളുടെ ഇച്ഛയ്ക്കനുസരിച്ചു് സത്യവും നീതിയും ചവുട്ടിയരക്കുന്നു. അതിൻ്റെ അവസാനത്തെ അനുഭവമാണ് കേരള ചരിത്രത്തിൽ വിസ്‌മരിക്കാനാവാത്തവിധം നടന്ന അളവറ്റ സമ്പത്തുള്ള ശബരിമല സ്വർണ്ണകൊള്ള നടത്തിയ അധികാരികൾ ഇരുമ്പഴിക്കുള്ളിലായത്. പണപ്പെട്ടി തുറന്നിരുന്നാൽ ഏത് പുണ്യവാളനും കള്ളനാകുമെന്ന് പറയുമെങ്കിലും അധികാരദുർവിനിയോഗം അധഃപതനത്തിലെത്തുമെന്ന് കേരളസംസ്കാരം പഠിപ്പിക്കുന്നു. ഇത് ഗാന്ധിയൻ ആദർശങ്ങളും കമ്മ്യൂണിസ്റ്റ് വിപ്ലവ ചിന്തകളുമായി നിലകൊള്ളുന്നവരുടെ സാമൂഹ്യവിഷയാധിഷ്‌ഠിതമായ വീക്ഷണഗതിയല്ല. ഈ ലോകത്തിൻ്റെ നശ്വരതയും അനശ്വരതയും മൂല്യച്യുതിയും സ്വന്തം കർമ്മസംസ്‌കാരത്തിലൂടെ വാസ്‌തവികമായി അവതരിപ്പിക്കുവാൻ സാധിച്ചിട്ടുണ്ടോ?

ലോകത്തെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക നായകർ കൊടിയ പീഡനത്തിൽപോലും അണിനിരന്നിട്ടുള്ളത് നീതിക്ക് വേണ്ടിയാണ്. എന്താണ് ഭരിക്കുന്നവരോട്, നിയമസംവിധാനങ്ങളോടെ വിശ്വാസ്യത കുറയുന്നത്? എന്തുകൊണ്ടാണ് എഴുത്തുകാർ അടിമകളായി മാറിയത്? എന്തുകൊണ്ടാണ് അഴിമതിയും വർഗ്ഗീയതയും വളരുന്നത്? ഭരണ പ്രതിപക്ഷം എന്തിനാണ് വാഴ്ത്തുപാട്ടുകൾ പാടാൻ സോഷ്യൽ മീഡിയയിൽ ചാവേറുകളെ വളർത്തുന്നത്? മനുഷ്യരുടെ തെറ്റായ പ്രവണതകളെ, പ്രവർത്തികളെ, അന്ധതയെ അറിവും ഹൃദയവിശാലതയുള്ളവർ വിമർശിക്കുക സ്വാഭാവികമാണ്. മനുഷ്യർ പടച്ചുവിടുന്ന വാക്കുകളിൽ മറ്റുള്ളവരിലുണ്ടാക്കുന്ന മുറിവുകൾ എത്ര വലുതെന്ന് ഈ സ്വാർത്ഥ താൽപര്യക്കാർ ശ്രദ്ധിക്കാറില്ല. മനുഷ്യർ അവരുടെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് മാറി അധികാരികളുടെ പിന്നാലെ ആയിരം പേർ, ഭ്രാന്തന്റെ പിന്നാലെ നൂറുപേർ എന്നായിരിക്കുന്നു.

മുൻ വൈദ്യുതി മന്ത്രി ജനങ്ങളെ പരിഹസിച്ചു പറഞ്ഞത് ‘ജനങ്ങൾ സർക്കാരിനോട് കാട്ടിയത് നന്ദികേടാണ്. പെൻഷൻ അടക്കമുള്ളത് വാങ്ങി ശാപ്പാടടിച്ചിട്ട് പറ്റിച്ചു’. ഈ പ്രതികരണം എഴുത്തുകാരുടെ ഹൃദയ തന്ത്രികളെ സ്‌പർശിക്കുന്നതാണ്. നിർഭാഗ്യമെന്ന് പറയാൻ കലാ സാഹിത്യ രംഗത്തുള്ളവരെ ഇടതു പക്ഷം വലതുപക്ഷമാക്കി മാറ്റി മുമ്പിലത്തെ വാതിലികൂടി വാങ്ങാത്തത് പുറകിലത്തെ വാതിലിൽ (പുരസ്‌കാരം, പദവി) കൂടി വാങ്ങി സാംസ്‌കാരിക രംഗത്തെ മലീമസമാക്കി. ഈ വ്യക്തിയുടെ കഥകളിവിലാസം പലപ്പോഴും കേരളം കണ്ടിട്ടുണ്ട്. വീരവാദം ചെയ്യാൻ ഏത് വിഡ്ഢിക്കും കഴിയുംപോലെ മന്ത്രിയുടെ വാക്കുകൾ കേട്ടത് കേരളത്തിൽ എല്ലാം വീടുകളിലും വൈദ്യുതിയെത്തിക്കും ഒരു വീട്ടിലും കറൻ്റ് കട്ട് ഉണ്ടാകില്ല. 2025-ൽ എത്തിനിൽക്കുമ്പോഴും മിക്ക വീടുകളിലും കറൻ്റ് കട്ട് നടക്കുന്നു. ഈ കൂട്ടരിൽ കാണുന്ന മറ്റൊരു പ്രത്യേകത വായിൽ തേനും അകത്തു വിഷവും, വാക്കൊന്ന് പോക്കൊന്ന് വിധത്തിലാണ്. വായ് തുറന്നാൽ വാരിക്കോരി തരുമെന്ന് നുണയും പറയും. കേരളത്തിൽ നടക്കുന്ന മനുഷ്യത്വരഹിതമായ അനീതികൾക്ക് ചുമടുതാങ്ങികളായി നിൽക്കുന്നത് ആരൊക്കെയാണ്?

കേരള ജനത ജാതി മതം നോക്കി, പൊതിച്ചോർ വാങ്ങി ഒരാളെ തെരെഞ്ഞെടുത്തു് മന്ത്രിസഭയിലെത്തിച്ചാൽ കാട്ടുകോഴി വീട്ടുകോഴിയാകില്ലെന്നോർക്കുക. ഈ പാർട്ടി കൈക്കൂലിയും അരിയും കൊടുത്താണ് വിജയം കൈവരിക്കുന്നതെന്ന് ഒരു മുൻ മന്ത്രി സാക്ഷ്യപ്പെടുത്തുകയാണ്. എന്തായാലും ഞാനങ്ങനെ വിശ്വസിക്കുന്നില്ല. ഇങ്ങനെ ജനസേവനം എന്തെന്നറിയാത്ത ജാതിമത വർഗ്ഗീയ നിറമുള്ളവർ കുലയാനക്ക് മുന്നിലെ കുഴിയാനകളായി എല്ലാം പാർട്ടികളിലുമുണ്ട്. ഒരു തൊഴിലിനായി രാപകൽ പഠിച്ചു് പരീക്ഷ പാസ്സായി മുട്ടിലിഴഞ്ഞു സമരം നടത്തിയാലും തൊഴിൽ ലഭിക്കാതിരിക്കുമ്പോഴാണ് പോലീസ് വകുപ്പടക്കം പലയിടത്തും സർക്കാർ ജോലികളിൽ പിൻവാതിൽ നിയമനം നടത്തുന്നത്. ഇവർ ഉന്നതർക്ക് കൊടുത്ത കൈക്കൂലി വസൂലാക്കാൻ കൈക്കൂലി വാങ്ങുന്നവരായും, പാർട്ടി ഗുണ്ടകളായി പിന്നീട് കാണപ്പെടുന്നു. കൈക്കൂലി വാങ്ങുന്നവർ മുന്നോട്ട് വെക്കുന്ന ഒരു നിബന്ധനയുണ്ട്. പാർട്ടിയുടെ അടിമയായി എല്ലാം തെരഞ്ഞെടുപ്പുകളിലും വോട്ടുചെയ്‌തുകൊള്ളണം. തെരെഞ്ഞെടുപ്പ് പെട്ടിനിറക്കാൻ വിദേശ രാജ്യങ്ങളിലും ലോക കേരള സഭപോലുള്ള തട്ടിക്കൂട്ട് സംഘടനകളുണ്ടാക്കി വിദേശ യാത്രകൾ, വിരുന്ന് സൽക്കാരം തുടങ്ങി പല ധൂർത്തുകൾ നടത്തി പത്രത്താളുകളിൽ ഇടം നേടാറുണ്ട്. ഇത് തന്നെയാണ് കലാസാഹിത്യ രംഗത്തും നടക്കുന്നത്. സമൂഹത്തിൽ എന്ത് അനീതി നടത്തിയാലും തൂലിക ചലിപ്പിക്കുന്നവരെ മഷിയിട്ട് നോക്കിയാലും കാണില്ല. ഇതാണ് നമ്മുടെ സാംസ്‌കാരിക രാഷ്ട്രീയപാർട്ടികളുടെ നീതിശാസ്ത്രം. ഇതാണോ സമത്വം സാഹോദര്യം ജനകിയ ഭരണം?

പ്രമുഖരുടെ നാവിൽ നിന്ന്, നിലവാരമില്ലാത്ത മാധ്യമങ്ങളിൽ നിന്ന് എന്തെങ്കിലും ലഭിച്ചാൽ അര വൈദ്യൻ ആയിരംപേരെ കൊല്ലുന്നതുപോലെ സോഷ്യൽ മീഡിയ വായു സേന അത് വളച്ചൊടിച്ചു് ലോകമെങ്ങുമെത്തിച്ചു് കാശുണ്ടാക്കുന്നു. കുറെ വർഷങ്ങളായി ഒരു നടി നടനെ ചേർത്തു് മാധ്യമങ്ങളെല്ലാം വിള വെടുപ്പ് നടത്തി. ഒരു സ്ത്രീപീഡനം കിട്ടിയാൽ അവർക്ക് കൊയ്ത്തു കാലമാണ്. അതിൽ എല്ലാം ഞരമ്പ് ഞണ്ടുകൾ കൊത്തുമെന്നറിയാം. കോടതി വിധി വന്നപ്പോൾ പലരുടെയും നാവ് വറ്റി വരണ്ടു. മുഖം കൊയ്ത്തു കഴിഞ്ഞ പാടംപോലെയായി. പൊതുബോധത്തിൻ്റെ അടിസ്ഥാനത്തിൽ കോടതികൾ വിധി നടത്താറില്ല. കോടതിക്ക് വേണ്ടത് തെളിവുകളാണ്. അത് പുഴ്ത്തിവെച്ച കുറ്റാന്വേഷകർ കാര്യക്ഷമമായി അന്വേഷിച്ചില്ല. സ്ത്രീസുരക്ഷ പറഞ്ഞു ഒരു നടനെ പിടിച്ചു മൂന്ന് മാസത്തോളം ജയിലിലിട്ടത് എന്തിന്? സ്ത്രീ പീഡന പരാതിയിൽ കേരള പോലീസ് കുറ്റവാളികൾ എവിടെപ്പോയി ഒളിച്ചാലും കണ്ടെത്തുന്ന മിടുക്കരാണ്. എന്നാൽ ഒരു എം.എൽ.എ മുങ്ങി നടന്നിട്ട് പതിനഞ്ചു ദിവസങ്ങളായി കണ്ടെത്താനാകാതെ പോലീസ് നാണം കേട്ടു. പോലീസിനറിയാം എവിടെയെന്ന്. അവിടെയും നടന്നത് നീതിയല്ല അനീതിയാണ്. നിയമങ്ങൾ ഓരോരുത്തുടെ താളത്തിന് തുള്ളുന്നതായി കണ്ടു.

പ്രതിപക്ഷ പാർട്ടിയിലുള്ള സ്ത്രീ പീഡകർക്ക് എതിരെ പെട്ടെന്ന് കേസെടുക്കുന്നു. ഭരണപക്ഷ സ്ത്രീപീഡകരുടെ പരാതി കക്ഷത്തിൽ കൊണ്ടുനടക്കുന്നു, അവർക്ക് സംരക്ഷണം കൊടുക്കുന്നു. ഈ ഇരട്ടത്താപ്പ് കുറ്റവാളികളെ സൃഷ്ടിക്കൽ അല്ലേ? ഇന്ത്യൻ ജനാധിപത്യ നിയമവ്യവസ്ഥിതിയിൽ എല്ലാവർക്കും തുല്യനീതിയാണ്. രാഷ്ട്രീയ പാർട്ടികളുടെ നിറം നോക്കിയാണോ നിയമവാഴ്ച്ച ഉറപ്പുവരുത്തേണ്ടത്? നിയമം നടപ്പാക്കേണ്ട പോലീസിനെ നോക്കുകുത്തികളാക്കി രാഷ്ട്രീയക്കാർ നിയമപാലകരാകുന്നത് ധനമുള്ളവന് എന്ത് നീതി എന്നാണ്. കുറ്റവാളികളുടെ സ്വഭാവസൃഷ്ടിയിൽ അധികാരത്തിലുള്ളവരുടെ പങ്ക് എത്രയാണ്? ഇതെല്ലാം വെളിപ്പെടുത്തുന്നത് കേരളത്തിൻ്റെ സാംസ്‌കാരിക മൂല്യച്യുതിയാണ്. നിയമവാഴ്‌ചകളെ വെല്ലുവിളിക്കലാണ്. ഏത് രാഷ്ട്രീയ പാർട്ടിയായാലും ഈ വെല്ലുവിളികളെ ഏറ്റെടുക്കേണ്ടവരാണ് ജനങ്ങൾ. അനീതികൾക്ക് അന്ത്യമുണ്ടാകണം ഇല്ലെങ്കിൽ വരും തലമുറ നീതി നിഷേധികളായി വളരും.

കേരളം പുരോഗതി പ്രാപിക്കാത്തതിൻ്റെ പ്രധാന കാരണം ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ സംസ്‌കാര സമ്പന്നരായ ഭരണാധിപന്മാരെ ലഭിക്കാത്തതാണ്. ദാരിദ്ര്യമുക്ത കേരളത്തേക്കാൾ പ്രധാനമാണ് മാലിന്യമുക്ത നായ് ശല്യമുക്ത കേരളം. വിപ്ലവപരമായ കവനങ്ങൾ ഉൾക്കൊണ്ടതാണ് മാർക്‌സിസം. സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാർ നന്മയുടെ അമൃത് പകരുന്നതിന് പകരം കക്ഷി രാഷ്ട്രീയം നോക്കി മൗനികളാകുന്നത് അവരെ അപഹാസ്യരാക്കുന്നു. അത് സ്ത്രീകളോട് കാട്ടുന്ന ബലാത്സംഗ ക്രൂരതപോലെ സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്.

കാരൂർ സോമൻ, (ചാരുംമൂടൻ)

Send your news and Advertisements

You may also like

error: Content is protected !!