റഷ്യയുടെയും അമേരിക്കയുടെയും അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനങ്ങളെ മറികടന്നാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് 4.5 തലമുറ യുദ്ധവിമാനമായ റഫാൽ വാങ്ങാനൊരുങ്ങുന്നത്. ഇന്ത്യ എന്തിനാണ് അഞ്ചാം തലമുറ വിമാനങ്ങൾ ലഭിക്കാൻ സാധ്യത ഉള്ളപ്പോൾ റഫാലിൽ നിക്ഷേപം നടത്തുന്നത് എന്നത് പലരേയും സംശയത്തിലാഴ്ത്തുന്നുണ്ട്. ഒരു യുദ്ധവിമാനം വാങ്ങുമ്പോൾ അതിന്റെ കേവലമായ വേഗതയോ സ്റ്റെൽത്തോ മാത്രമല്ല നോക്കേണ്ടത്, മറിച്ച് അത് എത്രത്തോളം ഇന്ത്യയുടെ സൈനിക സാഹചര്യങ്ങൾക്ക് അനുയോജ്യമാണ് എന്നതാണ് പ്രധാനം.
റഫാൽ ഇന്ത്യയ്ക്ക് നൽകുന്നത് കേവലം ഒരു വിമാനമല്ല, മറിച്ച് ഭൗമരാഷ്ട്രതന്ത്രപരമായ സുരക്ഷിതത്വവും വ്യാവസായിക വളർച്ചയുമാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ റാഫേൽ യുദ്ധവിമാനങ്ങൾ നിർണ്ണായകമായ പങ്ക് വഹിച്ചുവെന്നത് റഫാലിലേക്ക് ഇന്ത്യയെ അടുപ്പിച്ച പ്രധാന കാരണങ്ങളിലൊന്നാണ്. എഫ്-35 വാങ്ങുന്നത് ഇന്ത്യയുടെ പ്രതിരോധ നയത്തിൽ അമേരിക്കയ്ക്ക് അമിത സ്വാധീനം നൽകിയേക്കാം. എന്നാൽ റഫാൽ പരീക്ഷിക്കപ്പെട്ടതും, വിശ്വസനീയമായതും, ഇന്ത്യയുടെ പ്രത്യേക ആവശ്യങ്ങൾക്കായി മാറ്റം വരുത്തിയതുമായ ഒരു യുദ്ധവിമാനമാണ്. ഭാവിയിൽ ഇന്ത്യ സ്വന്തമായി നിർമ്മിക്കുന്ന എ.എം.സി.എ സ്റ്റൈൽത്ത് വിമാനങ്ങൾ വരുന്നതുവരെ ഇന്ത്യയുടെ ആകാശക്കരുത്തായി റഫാൽ നിലനിൽക്കും.
യുഎസ് വാഗ്ദാനം ചെയ്ത എഫ്-35 പോലുള്ള വിമാനങ്ങൾ ഇന്ത്യയുടെ നിലവിലുള്ള വിമാന വ്യൂഹവുമായി സംയോജിപ്പിക്കാൻ പ്രയാസമാണ്. കൂടാതെ, വ്യോമസേനയുടെ അടിയന്തര ആവശ്യങ്ങൾക്ക് വേഗത്തിൽ ലഭ്യമാകുന്ന ഒരു വിമാനം എന്ന നിലയിൽ റഫാൽ മുൻപന്തിയിൽ നിന്നു. എഫ്-35 വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ നിയന്ത്രണം പൂർണമായും അമേരിക്കയുടെ കൈവശമാണ്. യുദ്ധസമയത്ത് ഇന്ത്യയുടെ ശത്രുരാജ്യങ്ങൾ അമേരിക്കയുടെ സുഹൃത്തുക്കളാണെങ്കിൽ, ഈ വിമാനങ്ങളുടെ പ്രവർത്തനം പരിമിതപ്പെടുത്താൻ അമേരിക്കയ്ക്ക് സാധിക്കും. എഫ്-35 മാത്രമല്ല ഒരു യുദ്ധവിമാനങ്ങളുടെയും സോഴ്സ് കോഡ് ഇന്ത്യയ്ക്ക് നൽകാൻ അമേരിക്ക തയ്യാറല്ല എന്നതും, ഇന്ത്യയുടെ സ്വന്തം മിസൈലുകൾ എഫ്-35-ൽ ഘടിപ്പിക്കാൻ കഴിയില്ല എന്നതും പ്രധാന പോരായ്‌മകളായി വിലയിരുത്തപ്പെടുന്നു. കൂടാതെ, എഫ്-35-ൻറെ പ്രവർത്തനച്ചെലവ് വളരെ കൂടുതലാണ്. ഒരു മണിക്കൂർ പറക്കാൻ ഇതിന് ഏകദേശം 35,000 ഡോളർ ചിലവാകുമ്പോൾ റഫാലിന് ഇത് 20,000 ഡോളറിനടുത്തെ ആകുന്നുള്ളൂ. അതുമാത്രമല്ല റഫാലിന്റെ ഏറ്റവും വലിയ ഗുണം അതിന്റെ സർവീസിബിലിറ്റി റേറ്റ് (Serviceability Rate) ആണ്. ഇതിനർത്ഥം പത്ത് വിമാനങ്ങൾ ഉണ്ടെങ്കിൽ അതിൽ ഒമ്പതും എപ്പോഴും പറക്കാൻ സജ്ജമായിരിക്കും. ഇന്ത്യയുടെ സുഖോയ്-30 വിമാനങ്ങളുടെ സർവീസിബിലിറ്റി 50-60 ശതമാനം മാത്രമാണ്. യുഎസ് വിമാനങ്ങളുടെ കാര്യം വരുമ്പോൾ അത് ഇതിലും കുറയും.
റഷ്യയുമായുള്ള അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയിൽ (FGFA) നിന്ന് ഇന്ത്യ 2018-ൽ പിന്മാറിയത് എസ്.യു-57 വിമാനത്തിന്റെ വികസനത്തിലെ പോരായ്മകൾ മൂലമാണ്. ഇതിന്റെ സ്റ്റെൽത്ത് കഴിവുകൾ അമേരിക്കൻ വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പിന്നിലാണെന്ന് ഇന്ത്യൻ വ്യോമസേന വിലയിരുത്തിയിരുന്നു. മറ്റൊരു പ്രധാന പ്രശ്‌നം എഞ്ചിൻ സാങ്കേതികവിദ്യയായിരുന്നു. എസ്.യു-57-ൽ ഉപയോഗിക്കുന്ന എ.എൽ-41എഫ്1 ( AL-41F1) എഞ്ചിനുകൾ ഇന്ത്യയുടെ ആവശ്യാനുസരണം നവീകരിക്കാൻ റഷ്യ തയ്യാറായില്ല. കൂടാതെ, സാങ്കേതിക കൈമാറ്റത്തിലും സാമ്പത്തിക ചിലവുകൾ പങ്കിടുന്നതിലും ഇന്ത്യയും റഷ്യയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അതുമാത്രമല്ല റഷ്യൻ ആയുധ നിർമാണ മേഖലയിൽ ചൈനീസ് നിർമ്മിത ഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും ഇന്ത്യ കണക്കിലെടുത്തു. ഒരു യുദ്ധമുണ്ടായാൽ ചൈന ഈ വിതരണ ശൃംഖല തടസ്സപ്പെടുത്തിയാൽ ഇന്ത്യയുടെ എസ്.യു-57 വിമാനങ്ങൾ നിശ്ചലമാകും.
പാക്കിസ്ഥാൻ ഉപയോഗിക്കുന്ന ജെഎഫ് 17 തണ്ടർ യുദ്ധവിമാനങ്ങളിൽ റഷ്യൻ സാങ്കേതിക വിദ്യയിലുള്ള എൻജിനുകളാണ് ഉപയോഗിക്കുന്നത്. ഭാവിയിൽ ഇത്തരം എൻജിനുകൾ വീണ്ടും അവർക്ക് നൽകാൻ റഷ്യയ്ക്ക് ബാധ്യതയുണ്ട്. റഷ്യയിൽ നിന്ന് നേരിട്ടല്ല പാക്കിസ്ഥാനിലേക്ക് എൻജിനുകൾ എത്തുന്നത്. പകരം റഷ്യ ചൈനയ്ക്കാണ് എൻജിൻ നൽകുന്നത്. ചൈന അത് പാക്കിസ്ഥാന് നൽകുന്നു. റഷ്യയാകട്ടെ പാക്കിസ്ഥാന് നേരിട്ട് സഹായം ചെയ്യുന്നില്ല എങ്കിലും ചൈനയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയെ പിന്നിൽ നിന്ന് കുത്താൻ നിർബന്ധിതരാകും. ഈ ഘട്ടത്തിൽ തന്ത്രപരമായ സ്വയംഭരണം ഇന്ത്യയ്ക്ക് നഷ്ടമാകും. എന്നാൽ ഫ്രാൻസിന്റെ കാര്യത്തിൽ ഈ സാധ്യത വിരളമാണ്. അവർക്ക് പാക്കിസ്ഥാനിലും ചൈനയിലും താത്പര്യങ്ങളില്ല. യുദ്ധസാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ച് ഫ്രാൻസ് ഒരു വിശ്വസനീയമായ പങ്കാളിയാണ്.
ഭൗമരാഷ്ട്രീയത്തിൽ ഇന്ത്യയും ഫ്രാൻസും സമാനമായ നിരവധി താത്പര്യങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇൻഡോ പസഫിക്കിലും, കശ്മീർ വിഷയത്തിലും, ഭീകരവിരുദ്ധ പോരാട്ടത്തിലുമൊക്കെ ഒക്കെ ഇന്ത്യൻ താത്പര്യങ്ങൾ ഫ്രാൻസും പങ്കുവയ്ക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒരു സൈനിക സംഘർഷമുണ്ടായാൽ പാക്കിസ്ഥാനെ ഫ്രാൻസിന് സഹായിക്കേണ്ട ബാധ്യതയോ സാധ്യതകളോ ഇല്ല. അതേസമയം യുഎസിനും റഷ്യയ്ക്കും അതുണ്ടുതാനും. അതുകൊണ്ടുതന്നെ സ്റ്റെൽത്ത് എന്ന ലേബലിനേക്കാൾ ഇന്ത്യ പ്രാധാന്യം നൽകിയത് പ്രവർത്തനക്ഷമതയ്ക്കും, വിശ്വസ്തതയ്ക്കും തന്ത്രപരമായ സ്വതന്ത്ര്യത്തിനുമാണ്.
ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ദസ്സോയുടെ റഫാൽ യുദ്ധവിമാനം ഒരു ‘ഒമ്‌നിറോൾ’ (Omnirole) വിമാനമായാണ് അറിയപ്പെടുന്നത്. അതായത്, ഒരേ സമയം വായുവിൽ നിന്നുള്ള പ്രതിരോധം, കരയിലെ ലക്ഷ്യങ്ങൾ ആക്രമിക്കുക, ആണവ പ്രതിരോധം, കടൽ മാർഗമുള്ള ആക്രമണം എന്നിവ നടത്താൻ ഇതിന് സാധിക്കും. റഫാലിലെ സ്‌പെക്ട്ര ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നായാണ് കണക്കാക്കുന്നത്. വിമാനത്തെ റഡാറുകളിൽ നിന്ന് മറയ്ക്കാനും ശത്രുവിന്റെ മിസൈലുകളെ വഴിതിരിച്ചുവിടാനും ഇതിന് സാധിക്കും. പൂർണമായ സ്റ്റെൽത്ത് അല്ലെങ്കിലും, ഈ സാങ്കേതികവിദ്യ റഫാലിനെ ശത്രുക്കൾക്ക് കണ്ടെത്താൻ പ്രയാസമുള്ളതാക്കുന്നു.
റഫാൽ വിമാനങ്ങളിൽ ഇന്ത്യയുടെ ആവശ്യാനുസരണം 13 പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇവ ഇന്ത്യയുടെ പ്രത്യേക ഭൂപ്രകൃതിക്കും ശത്രുരാജ്യങ്ങളുടെ ഭീഷണികൾക്കും അനുയോജ്യമായ രീതിയിലുള്ളതാണ്. ലഡാക്കിലെ ലേ പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ കടുത്ത തണുപ്പിൽ പോലും വിമാനം വേഗത്തിൽ പ്രവർത്തിപ്പിക്കാൻ ഈ സൗകര്യം സഹായിക്കും. പൈലറ്റിൻ്റെ തലയുടെ ചലനത്തിനനുസരിച്ച് ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനും മിസൈലുകൾ തൊടുക്കാനും സഹായിക്കുന്ന ഹെൽമറ്റ്, ശത്രുവിൻ്റെ മിസൈൽ ഭീഷണി മുൻകൂട്ടി അറിയാനുള്ള അത്യാധുനിക ഇസ്രയേലി സെൻസറുകൾ. ശത്രുവിന്റെ റഡാറുകളെ പ്രവർത്തനരഹിതമാക്കാനുള്ള സംവിധാനം, ജാമറുകൾ, ഇന്ത്യൻ ഉപഗ്രഹങ്ങളുപയോഗിച്ച് ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങൾ എന്നിവയടക്കമാണ് റഫാൽ ഇന്ത്യയ്ക്ക് കിട്ടുന്നത്. ആണവായുധങ്ങൾ വഹിക്കാനും അവ ശത്രുവിന്റെ റഡാറുകളിൽ പെടാതെ കൃത്യമായി തൊടുക്കാനും റഫാലിന് പ്രത്യേക ശേഷിയുണ്ട്. ബ്രഹ്‌മോസ് മിസൈലുകൾ റഫാലിൽ ഘടിപ്പിക്കാനുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ശത്രുവിന്റെ ഇലക്ട്രോണിക് ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി റഫാലിനെ ഒരു ‘സൈലന്റ് കില്ലർ’ ആക്കുന്നു.
114 വിമാനങ്ങൾ വാങ്ങുന്നതിനുള്ള എം.ആർ.എഫ്.എ (MRFA) പ്രോഗ്രാമിൽ റഫാൽ വിമാനങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിർമ്മിക്കാനാണ് ദസ്സോ ലക്ഷ്യമിടുന്നത്. ഇതിൽ 60 ശതമാനം ഭാഗങ്ങളും ഇന്ത്യയിൽ നിർമ്മിക്കുമെന്ന് അവർ ഉറപ്പു നൽകുന്നു. ഇത് ഇന്ത്യയുടെ വ്യോമയാന മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കും. ഫ്രാൻസുമായുള്ള സഹകരണം ഇന്ത്യയുടെ തദ്ദേശീയ അഞ്ചാം തലമുറ വിമാനമായ എ.എം.സി.എ (AMCA) വികസിപ്പിക്കാനും സഹായിക്കും. ആധുനിക യുദ്ധവിമാനങ്ങളുടെ കരുത്ത് അതിന്റെ സോഫ്റ്റ്വെയറിലാണ്. റഫാൽ വിമാനങ്ങളുടെ സോഴ്‌സ് കോഡിലേക്ക് പൂർണമായ പ്രവേശനം ലഭിക്കുന്നില്ലെങ്കിലും, ഇന്ത്യയുടെ സ്വന്തം മിസൈലുകളും സെൻസറുകളും ഘടിപ്പിക്കാനുള്ള സൗകര്യം ദസ്സൊ നൽകുന്നുണ്ട്. വിമാനത്തിന്റെ ‘ദൗത്യ വിവരങ്ങൾ’ (Mission Data) ഇന്ത്യയ്ക്ക് തന്നെ നിയന്ത്രിക്കാം, അതായത് എവിടെ പറക്കണം, ആരെ ആക്രമിക്കണം എന്നതിലൊന്നും വിദേശ കമ്പനിക്ക് ഇടപെടാൻ കഴിയില്ല. ഇത്തരം ഒരു സാങ്കേതിക കൈമാറ്റം അമേരിക്കയിൽ നിന്നോ റഷ്യയിൽ നിന്നോ ലഭിക്കാൻ പ്രയാസമാണ്.


